ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലോസ്റ്റർഷയർ∙ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ, മകൻ ഹാരി രാജകുമാരന്റെയും മേഗൻ മാർക്കലിന്റെയും മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും നാല് വർഷത്തിന് ശേഷം സ്വകാര്യ കൂടിക്കാഴ്ചയിൽ കണ്ടുമുട്ടിയതായി റിപ്പോർട്ട്. ഗ്ലോസ്റ്റർഷയറിലെ ഹൈഗ്രോവ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ രാജ്ഞി കാമിലയും പങ്കെടുത്തു. 2022ലെ പ്ലാറ്റിനം ജൂബിലിക്കു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹാരിയും മേഗനും രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞ് അമേരിക്കയിലേക്ക് താമസം മാറിയതിനു ശേഷം കുടുംബബന്ധങ്ങളിൽ അകൽച്ച രൂപപ്പെട്ടിരുന്നു. അടുത്തിടെ യുകെയിലെത്തിയ ഹാരി, കുടുംബത്തോടൊപ്പം ഹൈഗ്രോവിൽ സമയം ചെലവഴിക്കുകയായിരുന്നു. കൊച്ചുമക്കൾക്ക് മുത്തച്ഛനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ഒരുക്കുക എന്നതും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സുരക്ഷാ പ്രശ്നങ്ങളും മുൻകാല അഭിപ്രായവ്യത്യാസങ്ങളും കാരണം ഇരുകുടുംബങ്ങളും തമ്മിലുള്ള ബന്ധം ഏറെക്കാലമായി വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഈ സ്വകാര്യ കൂടിക്കാഴ്ച രാജകുടുംബത്തിലെ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കമായി വിലയിരുത്തപ്പെടുന്നു. ഹാരിയും ചാൾസ് രാജാവും തമ്മിൽ സമീപകാലത്ത് സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.











Leave a Reply