ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച്എസിലെ ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ആയിരക്കണക്കിന് രോഗികൾ ബുദ്ധിമുട്ടിലായി. ഏകദേശം 91,000 അപ്പോയിന്റ്മെൻ്റുകൾ പുന:ക്രമീകരിക്കേണ്ടതായി വന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 24-ാം തീയതി ശനിയാഴ്ച മുതൽ 29-ാം തീയതി ബുധനാഴ്ച വരെ 5 ദിവസങ്ങളിലായാണ് ജൂണിയർ ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തത്. മെച്ചപ്പെട്ട ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) യുടെ നേതൃത്വത്തിൽ ജൂണിയർ ഡോക്ടർമാർ നടത്തുന്ന പത്താമത്തെ സമരമാണ് ഇത്.


23, 000 -ലധികം ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. പണിമുടക്ക് കാരണം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ ഏകദേശം ആയിരം മണിക്കൂറിലധികം തടസ്സം നേരിട്ടതായാണ് റിപ്പോർട്ടുകൾ. 2022 ഡിസംബർ മുതൽ ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ നടത്തിയ വിവിധ പണിമുടക്കുകൾ കാരണം ഏകദേശം 1.4 ദശലക്ഷത്തിലധികം ഓപ്പറേഷനുകളും അപ്പോയിന്റ്മെൻ്റുകളും തടസ്സപ്പെട്ടതായാണ് ഏകദേശ കണക്കുകൾ.


ജൂണിൽ ഡോക്ടർമാരുടെ പണിമുടക്ക് കാരണം താളം തെറ്റിയ എൻഎച്ച്എസ്സിന്റെ പ്രവർത്തനത്തെ പിടിച്ചുനിർത്താൻ മറ്റ് എൻഎച്ച്എസ് ജീവനക്കാർ കഠിനാധ്വാനം ചെയ്തതായി എൻഎച്ച്എസിൻ്റെ ദേശീയ മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പോവിഡ് പറഞ്ഞു . 35 ശതമാനം ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് ബി എം എ സമരം നടത്തുന്നത്. ഈ ആവശ്യം ഉന്നയിച്ച് ജൂനിയർ ഡോക്ടർമാർ ഇതുവരെ 39 ദിവസത്തെ സമരം നടത്തി കഴിഞ്ഞു. എൻഎച്ച്എസ് ഡോക്ടർമാരിൽ പകുതിയോളം പേർ ജൂണിയർ ഡോക്ടർമാർ ആണ്. അതുകൊണ്ട് തന്നെ ജൂണിയർ ഡോക്ടർമാർ നടത്തുന്ന സമരം എൻഎച്ച്എസ്സിനെ അടിമുടി ബാധിക്കും. വെയിൽസിൽ ജൂണിയർ ഡോക്ടർമാർ അടുത്തിടെ സമരം നടത്തിയിരുന്നു. വടക്കൻ അയർലൻഡിലെ ഡോക്ടർമാർ മാർച്ചിൽ പണിമുടക്ക് നടത്താൻ തയ്യാറാവുകയാണ്.