കോട്ടയം കളക്ടറേറ്റിനു സമീപത്തെ ബഹുനില ഹൈപ്പര്‍ മാര്‍ക്കറ്റ് മന്ദിരം കത്തിനശിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ഉടമ രംഗത്ത്. അട്ടിമറി സാധ്യതയും നിലനിൽക്കുന്നു. തീ പിടിത്തമുണ്ടായി രണ്ടു ദിവസമായിട്ടും ഇതിനു പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. അതേസമയം ഷോര്‍ട്ട് സർക്യൂട്ട് കാരണമല്ല തീപിടിത്തമുണ്ടായതെന്ന് കെഎസ്‌ഇബി നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

അതുകൊണ്ട് തന്നെ സംഭവത്തിനു പിന്നില്‍ അട്ടിമറിയുണ്ടോയെന്ന സംശയമുയര്‍ത്തി അഗ്നിക്കിരയായ കണ്ടത്തില്‍ റസിഡന്‍സിയിലെ പേലെസ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉടമ പാലാ പൈക കാരാങ്കല്‍ ജോഷി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. വിശദമായ പരിശോധനകള്‍ ഇന്നു നടത്തും. ഇതിനൊപ്പം എന്തെങ്കിലും അട്ടിമറിയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന്റെ ശാസ്ത്രീയ പരിശോധനയുമുണ്ടാകും. രണ്ട് പരിശോധനകളുടെയും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തീപിടിത്തത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭ്യമാകുകയുള്ളൂ. അതേസമയം തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്താലേ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ സാധിക്കുകയുള്ളു.

തിങ്കളാഴ്ച പുലര്‍ച്ചെയാണു കലക്ടറേറ്റിനു സമീപമുള്ള കണ്ടത്തില്‍ റസിഡന്‍സിയിലെ പേലെസ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായത്. മൂന്നരക്കോടിയുടെ നാശനഷ്ടം ഉണ്ടായി. വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ 10 യൂണിറ്റ് 10 മണിക്കൂറിലേറെ സമയമെടുത്താണു തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, തുണിക്കട, ലോഡ്ജ്, എന്നി വിവിധസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മുകളിലത്തെ നിലയിലെ ലോഡ്ജില്‍ താമസിച്ച സ്ത്രീകളടക്കമുള്ള 40 പേരെ ഒഴിപ്പിക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി.