തിരുവനന്തപുരം: സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളും മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവും പ്രതിസന്ധിയിലാക്കിയ യുഡിഎഫ് സര്‍ക്കാരിന് ആദ്യപ്രഹരം സ്വന്തം ക്യാമ്പില്‍ നിന്ന്. ആര്‍എസ്പി എംഎല്‍എ ആയ കോവൂര്‍ കുഞ്ഞുമോന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. ആര്‍എസ്പിയില്‍ എല്‍ഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിയമസഭാംഗമായിരുന്നു കുന്നത്തൂര്‍ എംഎല്‍എ ആയിരുന്ന കുഞ്ഞുമോന്‍. യുഡിഎഫില്‍ തുടരുന്ന ആര്‍എസ്പിയുടെ നിലപാടിനെതിരേ നേരത്തേ കുഞ്ഞുമോന്‍ രംഗത്തെത്തിയിരുന്നു.
അതേ സമയം മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മലപ്പുറത്ത് ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനു നേരേ ചീമുട്ടയേറും കല്ലേറുമുണ്ടായി. ആര്യാടനും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുവമോര്‍ച്ചയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരേ പോലീസ് ഗ്രനേഡ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി.

ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നായിരുന്നു മുഖ്യമന്ത്രിയും ആര്യാടനും മലപ്പുറത്ത് പ്രതികരിച്ചത്. രാജിവെക്കില്ലെന്നും ഇരുവരും വ്യക്തമാക്കി. ധാര്‍മികകതയ്ക്ക് അപ്പുറമാണ് മനഃസാക്ഷിയുടെ ശക്തി. അതുകൊണ്ടുതന്നെ ധാര്‍മികതയുടെ പേരില്‍ രാജിവെയ്‌ക്കേണ്ടതില്ലെന്നും ഹൈക്കമാന്‍ഡുമായും കോണ്‍ഗ്രസിലെ മറ്റു നേതാക്കളുമായും ഇക്കാര്യങ്ങള്‍ സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്തില്ല എന്ന മനഃസാക്ഷിയുടെ ഉറപ്പ് തങ്ങള്‍ക്കുണ്ട്. പതിനാലു മണിക്കൂര്‍ കമ്മീഷനു മുന്നില്‍ താന്‍ മൊഴി നല്‍കി. സരിതയുടെ അഭിഭാഷകന്‍ അന്ന് ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.