ഉപ്പയുടെയും ഉമ്മയുടെയും ഉറ്റവരുടെയും അന്ത്യചുംബനങ്ങൾ ഏറ്റുവാങ്ങാൻ അവരെത്തിയത്​ അഞ്ച് ആംബുലൻസുകളിലായാണ്​. സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി വീട്ടിൽ മുഹമ്മദ് ജാബിർ (45), ഭാര്യ ഷബ്ന (36), മക്കളായ ലുത്​ഫി (12), ലൈബ (8), സഹ (6) എന്നിവരുടെ മൃതദേഹങ്ങൾ സങ്കടക്കടൽ താണ്ടിയാണ്​ ബേപ്പൂരിലെ വീട്ടിലെത്തിയത്​.

ഇവരെ അവസാനമായി ഒരുനോക്ക് കാണാൻ ജാബിറിന്‍റെ പിതാവ് ആലിക്കോയയും മാതാവ് കൊയപ്പത്തൊടി ഹഫ്‌സയും ഷബ്‌നയുടെ മാതാപിതാക്കളായ കാരപറമ്പ് കരിക്കാംകുളം ചെങ്ങോട്ട് ഇസ്മായിലും ഖദീജയും ഹൃദയവേദനയോടെ കാത്തുനിന്നിരുന്നു. ഒപ്പം കണ്ണീരണിഞ്ഞ്​ ഒരു നാട്​ മുഴുവനും.

ഒരുമാസം മുമ്പ് സന്തോഷത്തോടെ യാത്ര ചോദിച്ച് സൗദിയിലേക്ക്​ പോയ പിഞ്ചുമക്കളുടേത്​ ഉൾപ്പടെയുള്ളവരുടെ ചേതനയറ്റ ശരീരങ്ങൾ ബന്ധുക്കൾ ഉൾപ്പടെയുള്ളവർക്ക് താങ്ങാവുന്നതിനും അപ്പുറമുള്ള കാഴ്ചയായിരുന്നു. ബേപ്പൂർ ജുമാ മസ്ജിദ്​ ഖബർസ്ഥാനിൽ അടുത്തടുത്തായി ഒരുക്കിയ അഞ്ച് ഖബറുകളിലേക്ക്​ അവരെ അന്ത്യവിശ്രമത്തിനായി കൊണ്ടുവെച്ചപ്പോഴുണ്ടായ പൊട്ടിക്കരച്ചിലുകൾ ബേപ്പൂരിനെ ഒന്നടങ്കം കണ്ണീരിലാഴ്​ത്തി.

റിയാദ്-ജിസാൻ റോഡിലെ അൽ-റയാനിൽ കഴിഞ്ഞ ശനിയാഴ്​ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ്​ ജാബിറും കുടുംബവും മരിച്ചത്​. അവസാനമായി ഒരുനോക്ക് കാണാനും ഇടയ്ക്കിടെ ഖബറിടങ്ങളിൽ പോയി ദുആ ചെയ്യാനുമെങ്കിലും ഒരവസരം ഉണ്ടാക്കണമെന്ന മുൻ പ്രവാസി കൂടിയായ പിതാവ്​ ആലിക്കോയയുടെ ഹൃദയനൊമ്പരത്തോടെയുള്ള ആവശ്യം പരിഗണിച്ച്​ റിയാദ്​ കെ.എം.സി.സിയുടെ നേതൃത്വത്തിലാണ്​ മൃതദേഹങ്ങൾ നാട്ടിലേക്ക്​ എത്തിക്കാനുള്ള ശ്രമങ്ങൾ ​ദ്രുതഗതിയിൽ നടന്നത്​.

തിങ്കളാഴ്ച രാത്രി തന്നെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് ചെവ്വാഴ്ച രാവിലെ 10 ഓടെ ദുബൈയിലെത്തിയ മൃതദേഹങ്ങൾ രാത്രി 11 ഓടെയാണ് കൊച്ചിയിലേക്ക് അയച്ചത്. ബുധനാഴ്ച പുലർച്ചെ 3.50 ഓടെ െകാച്ചി വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങൾ ആംബുലൻസിലാണ് വീട്ടിലെത്തിച്ചത്.

വീട്ടിലും പള്ളിയിലുമായി നടന്ന മയ്യിത്ത് നമസ്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. വീട്ടിൽ അടുത്ത കുടുംബങ്ങൾക്ക് മാത്രമാണ് മൃതദേഹങ്ങൾ കാണിക്കാൻ തീരുമാനിച്ചതെങ്കിലും ആളുകളെ നിയന്ത്രിക്കാൻ നന്നെ പാടുപെട്ടു.

തറവാട് വീടിന് സമീപത്ത് ജാബിർ പണിയുന്ന പുതിയ വീടിനെ സാക്ഷിയാക്കി കുടുംബത്തിന്​ വിടനൽകി. ബേപ്പൂരിലെ മുഴുവൻ കടകമ്പോളങ്ങളും ഖബറടക്കം കഴിയുന്നതുവരെ അടച്ചിട്ട് കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഃഖത്തിൽ പങ്കുചേർന്നു.

റിയാദ്​ കെ.എം.സി സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വുർ, മെഹബൂബ് കണ്ണൂർ എന്നിവരുടെ പ്രവർത്തനമാണ്​ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിലയക്കാൻ സഹായിച്ചത്. അഷ്​റഫ് വേങ്ങാട്ട്​ ഉൾപ്പടെയുള്ള കെ.എം.സി.സിയുടെ നേതാക്കളും പ്രവർത്തകരും ഒപ്പം റിയാദിലെ മറ്റ് സാമൂഹിക പ്രവർത്തകരും ഇവർക്ക് പിന്തുണയുമായി ഒപ്പം നിന്നു.

ജാബിറിെൻറ സഹോദരൻ അൻവർ നടപടിക്രമങ്ങൾ പൂർത്തിയായ ഉടനെ തന്നെ മറ്റൊരു വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. ബന്ധുക്കളായ ജംഷിദ് ബേപ്പൂർ, ഫാജിഷ് എന്നിവരും ആദ്യാവസാനം സഹായത്തിനായി അൻവറിനൊപ്പമുണ്ടായിരുന്നു.

ഖസിം റാഷിലെ അബ്​ദുല്ല മസ്ജിദിലും ശുൈമസി ആശുപത്രി മോർച്ചറിക്ക് സമീപമുള്ള പള്ളിയിലും മയ്യിത്ത്​ നമസ്കാരം നിർവഹിച്ചു. 17 വർഷമായി ജുബൈലിലെ അബ്​ദുല്ലത്തീഫ് അൽജമീൽ കമ്പനിയിൽ ജോലിചെയ്തിരുന്ന ജാബിർ ജീസാനിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് കുടുംബവുമായി അവിടേക്ക് പുറപ്പെട്ടത്. സൗദി പൗരൻ ഓടിച്ചിരുന്ന ലാൻഡ്​ ക്രൂയിസർ വാഹനവുമായി കുടുംബം സഞ്ചരിച്ച കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.