കോഴിക്കോട് ചെക്യാട്ടെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകനും ഡോക്ടറുമായ യുവാവിന്റെ വിവാഹപാർട്ടി ചെക്യാട് ഗ്രാമത്തെ കൊവിഡ് ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വടകര എംപി കെ മുരളീധരൻ അടക്കം പങ്കെടുത്ത ഡോക്ടറുടെ വിവാഹ പാർട്ടിയിൽ പങ്കെടുത്ത 23 പേരുടെ ഫലമാണ് ഇതുവരെ കൊവിഡ് പോസിറ്റീവായിരിക്കുന്നത്. വരനും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

പ്രോട്ടോക്കോൾ ലംഘിച്ച് ചടങ്ങിൽ നിരവധി പേർ സംബന്ധിച്ചതാണ് നാടിനെ തന്നെ സമൂഹവ്യാപന ഭീതിയിലാക്കിയിരിക്കുന്നത്. ചടങ്ങിനെത്തിയവരുൾപ്പടെ 193 പേരുടെ ആന്റിജൻ ടെസ്റ്റാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതിൽ വിവാഹ പാർട്ടിയുമായി ബന്ധപ്പെട്ടവർ അടക്കം 26 പേരുടെ ഫലം പോസിറ്റീവാവുകയായിരുന്നു. ഇതോടെ സമൂഹവ്യാപനത്തിന്റെ വക്കിൽ ചെക്യാട് എത്തിയെന്നാണ് ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നത്.

വിവാഹവീടുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെ കോൺഗ്രസിന്റെ കെ മുരളീധരൻ എംപിക്ക് കോവിഡ് പരിശോധന നടത്താനും നിരീക്ഷണത്തിൽ പോവാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ വിവാഹസത്കാരത്തിലും ചോറോട് ഗ്രാമപഞ്ചായത്തിലെ വ്യക്തിയുടെ ജന്മദിനാഘോഷത്തിലും പങ്കെടുത്തവരും അടുത്തിടപഴകിയവരും ബന്ധപ്പെട്ട വാർഡ് ആർആർടിയെയോ മെഡിക്കൽ ഓഫീസറെയോ ഉടൻ വിവരമറിയിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകണം.

സമ്പർക്ക രോഗവ്യാപനം ഒഴിവാക്കാൻ ഈ വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും നിർദേശിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹം ജൂലൈ ഒമ്പതിനായിരുന്നു. വിവാഹ പാർട്ടിക്ക് പുറമെ നവവരനും കോഴിക്കോട് സ്വദേശിയായ മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവർക്കും പരിശോധന നടത്താൻ തീരുമാനിച്ചത്. ചോറോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ രോഗം സ്ഥിരീകരിച്ച വ്യക്തി വീട്ടിൽ ജന്മദിനാഘോഷം നടത്തിയത് ജൂലൈ 15 നായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ കൺട്രോൾ റൂം നമ്പർ: 0495 2373901, 2371471