തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒട്ടേറെപ്പേരുണ്ടാകും. പരാജയം അനാഥമാണ്. 20ല്‍ 19 ലോക്സഭാ സീറ്റുകള്‍ നേടിയപ്പോള്‍ ആരും പൂച്ചെണ്ട് തന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ വളഞ്ഞിട്ടാക്രമിച്ചത് ക്രൂരമായിപ്പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമുണ്ടാക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയം ചര്‍ച്ചയാകാത്തതു ദൗര്‍ഭാഗ്യകരമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സര്‍ക്കാരിന്റെ പരാജയങ്ങള്‍ വേണ്ടവിധം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

യുഡിഎഫ് ഉയർത്തിയ പ്രശ്നങ്ങളൊന്നും കേരളീയ പൊതുസമൂഹത്തിൽ ചർച്ചയ്ക്കു വന്നില്ല. മധ്യകേരളത്തില്‍ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. ജോസ് കെ. മാണിയുടെ വിട്ടുപോക്ക് മാത്രമല്ല മധ്യകേരളത്തിലെ നഷ്ടത്തിനു കാരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ ആത്മസംയമനം പാലിക്കണം. നിര്‍ണായകമായ പ്രതിസന്ധിഘട്ടത്തില്‍ അപസ്വരമല്ല, ഐക്യമാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. എംഎല്‍എമാരുടെയും എംപിമാരുടെയും അടക്കം യോഗം വിളിക്കുന്നതടക്കം സുപ്രധാന തീരുമാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. നാളെ ജില്ലകളുടെ ചുമതലയുള്ളവര്‍ എത്തി വിശദീകരണം നല്‍കും.