തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യാത്രക്കാരുമായി പോയ ആറ്റിങ്ങൽ ഡിപ്പോയിലെ ബസാണ് അഗ്നിക്കിരയായത്. ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സമയം 29 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഡ്രെെവറുടേയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്.

ആറ്റിങ്ങൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അഴൂർ കാറ്റാടിമുക്കിലെ കയറ്റം കയറുന്നതിനിടെയാണ് ബസിൻ്റെ ഷഎഞ്ചിൻ്റെ ഭാഗത്തു നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം നാട്ടുകാർ ഡ്രെെവറോട് വിളിച്ചു പറയുകയായിരുന്നു. ഉടൻതന്നെ ഡ്രെെവർ ബസ് നിർത്തി. അപ്പോഴേക്കും തീ പടർന്നു തുടങ്ങിയിരുന്നു. ആൾ താമസമുള്ള സ്ഥലത്താണ് ബസ് നിർത്തിയതെന്നതിനാൽ സമയം കളയാതെ ഡ്രെെവർ ബസ് കുറച്ച് മുന്നിലേക്ക് എടുക്കുകയായിരുന്നു.

മുന്നിലേക്ക് നിർത്തിയ ബസിൽ നിന്നും കണ്ടക്ടറും ഡ്രെെവറും കൂടി യാത്രക്കാരെ മുഴുവനും ഇറക്കി സുരക്ഷിതരാക്കി. തുടർന്ന് അടുത്തുള്ള ഹോട്ടലുകളിലേക്കും വീടുകളിലേക്കും ഡ്രെെവറും കണ്ടക്ടറും ഓടിയെത്തുകയായിരുന്നു. ബസ് തീപിടിച്ച വിവരം അറിയിക്കുന്നതിനൊപ്പം അവിടങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഓഫാക്കാൻ :ആവശ്യപ്പെടുകയും ചെയ്തു. അപകടവിവരമറിഞ്ഞ ജനങ്ങൾ കണ്ടക്ടറുടെയും ഡ്രെെവറുടേയും വാക്കുകൾ കൂടി കേട്ടതോടെ വലിയ അപകടമാണ് ഒഴിവായത്.

ഇതിനു പിന്നാലെയാണ് ബസിൽ തീ ആളിപ്പടര്‍ന്നത്. യാത്രക്കാരെ ബസിൽ നിന്നും ഇറക്കി സുരക്ഷിതരാക്കിയതിനാൽ ആർക്കും പരിക്കില്ല. ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചതോടെ അവർ സ്ഥലത്തെത്തി. ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. ഏകദേശം 15 മിനിട്ടോളം എടുത്താണ് തീയണച്ചത്.