ഒാട്ടോ ഡ്രൈവറുടെ കൊലപാതകം 64കാരനായ ഗുരുസ്വാമി ഒറ്റയ്ക്കാണോ നടത്തിയതെന്ന ചോദ്യം ഇനിയും ബാക്കിയാണ്. വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം സെന്തിൽ കുമാറിന്റെ മൃതദേഹം കുറ്റിക്കാട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ നിലയിലായിരുന്നു. കൂടുതല്‍ ആളുകള്‍ കൊലപാതകത്തില്‍ പങ്കാളികളായുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

സെന്തിൽ കുമാറിന്റെ മൃതദേഹം കുന്നിൻചെരുവിലെ പല തട്ടുകൾ കടത്തി 64കാരനായ ഗുരുസ്വാമി എങ്ങനെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയെന്നാണ് സംശയം. ഇതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. സെന്തിൽകുമാർ എത്തിയ ഓട്ടോറിക്ഷ സംഭവ സ്ഥലത്ത് നിന്ന് അട്ടപ്പള്ളത്ത് എത്തിച്ച യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. മൃതദേഹം കുറ്റിക്കാട്ടിൽ മറവ് ചെയ്യാനായിരുന്നു ഗുരുസ്വാമിയുടെ പദ്ധതി എന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇയാൾക്ക് ഒറ്റയ്ക്ക് ഇത് സാധിക്കുമായിരുന്നോ, ഇതിന് ഇയാൾ ആരുടെയെങ്കിലും സഹായം തേടിയിരുന്നോ തുടങ്ങി നിരവധി കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഗുരുസ്വാമിയുടെ കണക്കുകൂട്ടൽ പിഴച്ചതാണ് നിയമത്തിന് കീഴടങ്ങാതെ ആത്മഹത്യയ്ക്ക് ഇയാളെ പ്രേരിപ്പിച്ചത്. സെന്തിൽ കുമാറിനെ കാണാനില്ല എന്ന പരാതി കിട്ടിയപ്പോൾ പൊലീസ് ഗുരുസ്വാമിയുടെ വീട്ടിലും എത്തിയിരുന്നു. എന്നാൽ തന്റെ കൈയിൽ നിന്ന് പണം വാങ്ങി എഗ്രിമെന്റ് തിരികെ തന്ന ശേഷം സെന്തിൽകുമാർ പോയി എന്നാണ് ഈയാൾ പൊലീസിനോട് പറഞ്ഞത്. ഇതിന് തെളിവായി എഗ്രിമെന്റ് പൊലീസിനെ കാണിച്ചു. അന്വേഷണ സംഘത്തെ വഴി തെറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്തിൽ കുമാറിന്റെ ഓട്ടോ റിക്ഷ അട്ടപ്പള്ളത്ത് കൊണ്ടുപോയി ഉപേക്ഷിച്ചത്. ഇതിന് സമീപവാസിയായ യുവാവിന്റെ സഹായമാണ് ഗുരുസ്വാമി തേടിയത്. സെന്തിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ ഈ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗുരുസ്വാമി ആവശ്യപ്പെട്ട പ്രകാരം ഓട്ടോ റിക്ഷ അട്ടപ്പള്ളത്ത് എത്തിച്ചതല്ലാതെ തനിക്ക് ഒന്നും അറിയില്ല എന്നാണ് ഈയാൾ പൊലീസിനോട് പറഞ്ഞത്.

പ്രതി ഗുരുസ്വാമിയുടെ മൊബൈൽ ടവർ ലോക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ വീടിന് സമീപത്തുള്ള ടവർ തന്നെയാണ് കാണിച്ചിരുന്നത്. അത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള മറ്റൊരു അടവായാണ് പൊലീസ് കരുതിയത്. എന്നാൽ പിന്നീട് തൂങ്ങി മരിച്ച നിലയിൽ വീടിന് സമീപം കണ്ടെത്തുകയായിരുന്നു.

കുമളി വാളാർഡി മേപ്പർട്ടിലെ കുറ്റിക്കാട്ടിലാണ് ഒാട്ടോറിക്ഷാ ‍‍ഡ്രൈവറായ സെന്തിൽ കുമാറിന്റെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സെന്തിൽ കുമാറിന്റെ ബന്ധുവായ ഗുരുസ്വാമിയുടെ വീടിനു സമീപത്തെ കുന്നിൻ ചെരുവിൽ അർദ്ധ നഗ്നമായിട്ടാണ് മൃതദേഹം കിടന്നത്. വീട്ടിൽ നിന്ന് മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ തള്ളിയ രീതിയിലായിരുന്നു. ഇതോടെ മരണകാരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ് എത്തിച്ചേർന്നു. ഇടുക്കി ഡോഗ് സ്വകാഡും, വിരലടയാള വിദഗ്തരും സ്ഥലത്ത് പരിശോധന നടത്തി. മണം പിടിച്ചെത്തിയ പോലീസ് നായ ഗുരുസ്വാമിയുടെ വീട്ടിലേയ്ക്ക് ഓടി കയറുകയും ചെയ്തു. ഫോറൻസിക്ക് വിദഗ്ദർ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് രക്തകറയും , മൃതദേഹം വലിച്ചിഴച്ച സ്ഥലത്ത് പണം ചിതറി കിടക്കുന്നതും കണ്ടെത്തി. സെന്തിൽ കുമാർ കടം കൊടുത്തിരുന്ന ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തിരികെ ചോദിക്കാൻ എത്തിയപ്പോൾ ആയിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

സെന്തിലിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയതോടെ ഗുരുസ്വാമി ഒളിവിൽ പോകുകയായിരുന്നു. സെന്തിൽ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കൊളജിലേയ്ക്ക് കൊണ്ടുപോയി.