സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ദൂരുഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആരോപണം ഉയര്‍ന്ന ദിവസം ബിനോയി കോടിയേരിയുടേതായി പുറത്തു വന്ന വിശദീകരണത്തില്‍ ദുബായില്‍ ചെക്ക് കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറയുന്നുണ്ട്. എന്നാല്‍ ബിനോയ് ഹാജരാക്കിയ ദുബായ് പൊലീസിന്റെ സാക്ഷ്യപത്രത്തില്‍ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കുമ്മനം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

ജാസ് ടൂറിസം കമ്പനിക്ക് നല്‍കാനുള്ള 13 കോടി രൂപ കൊടുത്ത് തീര്‍ത്തോയെന്ന് വ്യക്തമാക്കണം. അതല്ല മറിച്ച് സാമ്പത്തിക വെട്ടിപ്പ് ആരോപണ കേസ് വ്യാജമാണെങ്കില്‍ വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ക്കും പരാതി നല്‍കിയെന്ന് പറയുന്ന വ്യവസായിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമോയെന്ന് കോടിയേരി വ്യക്തമാക്കണമെന്നും കുമ്മനം പറയുന്നു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കോടിയേരി ബാലകൃഷ്ണന്റെ മകന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി വിശദീകരണങ്ങള്‍ പുറത്തു വന്നെങ്കിലും സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല. ബിനോയിയുടെ പേരില്‍ നാളിതു വരെ ദുബായില്‍ കേസുകളൊന്നുമില്ലെന്ന ദുബായ് പൊലീസിന്റെ സാക്ഷ്യപത്രം യഥാര്‍ത്ഥത്തില്‍ ദുരൂഹത കൂട്ടുകയാണ് ചെയ്തത്. ആരോപണം ഉയര്‍ന്ന ദിവസം ബിനോയിയുടേതായി പുറത്തു വന്ന വിശദീകരണത്തില്‍ ദുബായില്‍ ചെക്കു കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറയുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോടതി 60,000 ദിര്‍ഹം പിഴ ഈടാക്കിയെന്നും ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ബിനോയ് ഹാജരാക്കിയ സാക്ഷ്യപത്രത്തില്‍ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവ രണ്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ മനസ്സിലാകും. അതുകൊണ്ട് തന്നെ ദുബായി പൊലീസിന്റേതെന്ന് പറഞ്ഞ് പുറത്തു വിട്ട സാക്ഷ്യപത്രത്തിന്റെ ആധികാരികത സംശയാസ്പദമാണ്.

മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് ദുബായിലെ ജാസ് ടൂറിസം കമ്പനി മേധാവി ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍മര്‍സൂക്കിക്ക്ബിനോയ് നല്‍കാനുള്ളത് 13 കോടി രൂപയാണ്. ഈ പണവും കൊടുത്തു തീര്‍ത്തോയെന്ന് വ്യക്തമാക്കണം. അതല്ല ഇക്കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെങ്കില്‍ വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ക്കും പരാതി നല്‍കിയെന്നു പറയുന്ന വ്യവസായിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമോയെന്നും കോടിയേരി വ്യക്തമാക്കണം. പോളിറ്റ് ബ്യൂറോയ്ക്ക് ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല ബിനോയ് പറയുന്നതും വ്യവസായി പറയുന്നതും വിശ്വസിക്കുന്നില്ലായെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ കോടിയേരി വിശദീകരിക്കണം.

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ വിദേശത്ത് എന്ത് വ്യവസായമാണ് നടത്തുന്നതെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ദുബായില്‍ പോയി വലിയ ബിസിനിസ്സ് തുടങ്ങാനുള്ള മൂലധനം എവിടെ നിന്നുണ്ടായെന്നും കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തണം.