രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും അംഗത്വം ഉണ്ടാകുമെന്ന് സൂചന. കുമ്മനം രാജശേഖരനോട് ഡെല്‍ഹിയിലെത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കുമ്മനം അറിയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതാക്കള്‍ വിളിച്ചുവരുത്തുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായേക്കുമെന്നും സൂചനയുണ്ട്. കുമ്മനം നാളെ ഡെല്‍ഹിയിലേക്ക് പുറപ്പെടും.

രാജ്യസഭാംഗമായ വി മുരളീധരന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മുരളീധരന്‍ രാത്രിയോടെ ഡല്‍ഹിക്ക് തിരിക്കും. നിലവില്‍ സഹമന്ത്രിയായ കണ്ണന്താനം സ്ഥാനത്ത് തുടരാനാണ് സാധ്യത. കുമ്മനത്തിന്റെ കാര്യത്തില്‍ വ്യാഴാഴ്ച രാവിലെയോടെ മാത്രമേ വ്യക്തമാകൂ.

നിലവിലെ കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിങ്ങ്, നിര്‍മലാ സീതാരാമന്‍, സുഷമ സ്വരാജ്, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍ എന്നിവര്‍ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. എന്‍ഡിഎ സഖ്യക്കഷികളായ ശിവസേനയ്ക്കും ജനതാദിളിനും ഓരോ ക്യാബിനറ്റ് മന്ത്രിസ്ഥാനവും സഹമന്ത്രി സ്ഥാനവും നല്‍കിയേക്കും.