പണ്ട് നെല്ലിന്റെ കലവറ അല്ലായിരുന്നു കുട്ടനാട്. അത് ആറ്റുകൊഞ്ച്, കരിമീൻ, വരാൽ, കാരി, കല്ലേമുട്ടി, ആരകൻ, വലഞ്ഞിൽ, ചേറുമീൻ, വാക, ആറ്റുവാള തുടങ്ങിയ ശുദ്ധജലമത്സ്യങ്ങളുടെ കലവറയായിരുന്നു. കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ ഏറിയവയും കൃത്രിമസൃഷ്ടികൾ തന്നെയാണ്. കായൽപ്പരപ്പുകളും വിസ്തൃതമായ ജലാശയങ്ങളും ഒക്കെ വളച്ചുകെട്ടിയെടുത്തു, നമ്മുടെ ഭക്ഷ്യധാന്യ സ്രോതസ് കൂട്ടാൻ സൃഷ്ടിക്കപ്പെട്ടവ.

പാടശേഖരങ്ങളില്‍ നിരോധിത കീടനാശിനികളുടേയും, മാരകമായ വിഷങ്ങളുടേയും പ്രയോഗത്തിലൂടെ കുട്ടനാടിനെ ദുരന്തഭൂമിയാക്കുന്ന കാന്‍സറിനെ പ്രതിരോധിക്കാനോ,ഫലപ്രദമായ ചികിത്സ നല്‍കാനോ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്ന് ആക്ഷേപം. കുട്ടനാട്ടില്‍ കാന്‍സര്‍ ഉപകേന്ദ്രം സ്ഥാപിക്കുമെന്നും വേണ്ട സഹായങ്ങള്‍ചെയ്യാമെന്ന് ജനപ്രതിനിധികള്‍ പറയുന്നുണ്ടെങ്കിലും രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ പോലും ലഭിക്കുന്നില്ലെന്നും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.

പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി നഴ്സുമാര്‍ വീടുവീടാന്തരം കയറി ഇറങ്ങി നടത്തിയ സര്‍വ്വേയിലാണ് ദിനം പ്രതിയെന്നോണം കുട്ടനാട്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നും അത് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ജനുവരിയില്‍ നടന്നസെമിനാറില്‍ വെച്ചായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍.

ഈ വെളിപ്പെടുത്തലിനോട് ഒരു മന്ത്രി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. കുട്ടനാട്ടില്‍ മാത്രമായി കാന്‍സര്‍ പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്നും,അതിന് തന്നെ ഒരു പദ്ധതികൊണ്ടു വരുമെന്നും നല്ല വെള്ളം കുട്ടനാട്ടുകാര്‍ക്കും, ആലപ്പുഴക്കാര്‍ക്കും കിട്ടുന്നില്ലെന്നും ജലഅഥോറിറ്റി ഉദ്ദ്യോഗസ്ഥരെ ജയിലില്‍ അടയ്ക്കുകയാണ് വേണ്ടതെന്നും, കുട്ടനാടിന് സെമിനാറും, പ്രസംഗവും കൊണ്ട്ഒരുകാര്യവുമില്ലെന്നുമാണെന്നാണ് പ്രതികരിച്ചത്.

ദേശീയ ശരാശരി പ്രകാരം ഒരു ലക്ഷം പേരില്‍ 120പേര്‍ക്കാണ് കാന്‍സര്‍ ഉള്ളത്. കുട്ടനാട്ടിലാകട്ടെ ഇരട്ടിയിലധികവും. പമ്പ,അച്ചന്‍ കോവില്‍,മണിമല എന്നീ നദികള്‍ ചുറ്റപ്പെട്ട കടല്‍ നിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട്. കൃഷിക്ക് ഉപയോഗിച്ച കീടനാശിനികളും,നദികളിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങളും,വീടുകളില്‍ നിന്നും,ഹൗസ്ബോട്ടുകളില്‍ നിന്നുമുള്ള വിസര്‍ജ്യങ്ങളും ഇവിടെ അടിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ള നദികളിലെ വെള്ളത്തിലൂടെയുള്ള അണുബാധ കുട്ടനാട്ടുകാര്‍ക്ക് നല്ലതുപോലെയുണ്ടെന്നും,കോശങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന സെല്ലു ലൈറ്റീസ് രോഗം മറ്റു പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ കുട്ടനാട്ടിലാണെന്നും പഠനങ്ങള്‍ തെളിയ്ക്കുന്നു.

അതുപോലെ മനുഷ്യവിസര്‍ജ്യമൂലമുണ്ടാകുന്ന ഇക്കോ ബാക്ടീരിയ വെള്ളത്തില്‍ 10% മാത്രമെ പാടുള്ളൂ എന്നിരിക്കെ ഇവിടെ 1450വരെ കണ്ടെത്തിയെന്നും പഠന റിപ്പോര്‍ട്ടുകള്‍ സാക്ഷ്യ പ്പെടുത്തുന്നു. വേണ്ടത്രചികിത്സകിട്ടാതെ 27.2%പേര്‍മരിച്ചു.മറ്റുള്ള മരണങ്ങളെക്കാള്‍ കൂടുതലാണിത്. പ്രായാധിക്യംമൂലം19.4%, ജീവിത ശൈലിരോഗത്താല്‍ 7.9% ആളുകള്‍ മരിക്കുന്ന കണക്കും കൂടി തട്ടിച്ചു നോക്കുമ്പോള്‍ കുട്ടനാട്ടിലെ കാന്‍സര്‍ രോഗികളുടെ എണ്ണം മനസ്സിലാക്കാന്‍ കഴിയും.

കേരളത്തില്‍ ഒന്നര ലക്ഷം കാന്‍സര്‍ രോഗികളുണ്ടെന്നും,അരലക്ഷം പേര്‍ക്ക് ഓരോവര്‍ഷവും പുതുതായി രോഗം പിടിപെടുന്നുമാണ് പഠന റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള കാന്‍സര്‍ രജിസ്ട്രിയില്ല. ഉള്ളതാകട്ടെ തിരുവന്തപുരം,കൊല്ലം,കണ്ണൂര്‍ ജില്ലകളില്‍ മാത്രവും. രജിസ്ട്രി ഉണ്ടെങ്കില്‍ കൃതൃമായി രോഗികളുടെ എണ്ണം ലഭിക്കുമായിരുന്നു. അര്‍ബുദ വിദ്ഗ്ദ്ധരെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമെ യഥാര്‍ത്ഥ കണക്കുകള്‍ ലഭിക്കുകയുള്ളൂ. അതുപോലെ കാന്‍സറിനെ നോട്ടിഫയബിള്‍ രോഗമാക്കി പ്രഖ്യാപിച്ചാല്‍ ആശുപത്രികളില്‍ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിക്കുകയുള്ളു.

മുട്ടാര്‍,ചമ്പക്കുളം,നീലംപേരൂര്‍,എടത്വ,കൈനകരി,തകഴി,വെളിയനാട്,പുളിങ്കുന്ന്,നെടുമുടി,വീയപുരം,തലവടി,രാമങ്കരി,കാവാലം,എന്നിവിടങ്ങളില്‍ രോഗം കൊണ്ട് ബുദ്ധി മുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. കോട്ടയം,ആലപ്പുഴ,തിരുവനന്തപുരം എന്നിവിടങ്ങളെ കൂടാതെ മലബാര്‍ പ്രദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും ചികിത്സതേടി പോകുന്ന കുട്ടനാട്ടുകാര്‍ നിരവധിയാണ്. സാമ്പത്തിക പരാധീനതയുള്ള രോഗികള്‍ക്ക് 1000 രൂപ സര്‍ക്കാര്‍പെന്‍ഷന്‍ നല്‍കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലെ ചികിത്സകളാണിവരുടെ ജീവന്‍ നില നിര്‍ത്തുന്നത്. നാട്ടുകാരുടെ സഹായവുമുണ്ടെന്ന് രോഗികള്‍ പറയുന്നു.അലോപ്പതിയെ കൂടാതെ ആയൂര്‍വേദം,ഹോമിയോ,നാട്ടുവൈദ്യം എന്നീ ചികിത്സകളാണ് രോഗികള്‍ അവലംബിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ പലപ്രദേശങ്ങളിലും പലതരത്തിലുള്ള കാന്‍സറാണ് രോഗികള്‍ക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടനാട്ടില്‍ അപ്രത്യക്ഷമാകുന്ന വെള്ളപൊക്കം ഒരു പരിധിവരെ കാന്‍സറിനെ പ്രതിരോധിച്ചിരുന്നു. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിചെയ്യുമ്പോള്‍ഉപയോഗിച്ചിട്ടുള്ള എല്ലാകീടനാശിനികളും ഒരുതവണത്തെ വെള്ളം പൊക്കം പാടശേഖരത്തിലൂടെ കയറി ഇറങ്ങി കടലില്‍ എത്തുമായിരുന്നു.

വെള്ള പ്പൊക്കത്തിന് ശേഷമുള്ള ആറുകളിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കാമായിരുന്നു. പക്ഷെ ഇന്ന് കുട്ടനാടിന്റെ വികസനത്തിന്റെ മറവില്‍ അശാസ്ത്രിയമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന പാലങ്ങളും റോഡുകളും വെള്ളപൊക്കത്തിന് തടസ്സമായത് കാന്‍സര്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്ന് വിലയിരുത്തുന്നവരുമുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സയും,മറ്റുള്ളര്‍ക്ക് ഈ രോഗം വരാതിരിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തി വേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ കയ്യ്‌കൊള്ളണമെന്നാവശ്യം ശക്തമാകുകയാണ്.

ആണ്ടിലൊരു പൂ കൃഷി എന്നതുകൊണ്ട് നമ്മുടെ നാൾക്കുനാൾ ശുഷ്കിച്ചു വരുന്ന കാർഷിക ഭൂവിസ്തൃതിയിൽ നിന്നും ഭക്ഷ്യധാന്യോൽപാദനം കൂട്ടുക എന്നത് അസാധ്യം ആയതുകൊണ്ടാണ് ലഭ്യമായ കൃഷിയിടങ്ങളിൽ രണ്ട് പൂ കൃഷി എന്ന ആശയം ഉടലെടുത്തത്. നല്ല കാര്യം. പക്ഷേ മേൽപ്പറഞ്ഞ ഓരുവെള്ളസംചേതനത്തിന്റെ അഭാവം, കുടിയേറ്റക്കളകളുടെ ആധിപത്യം, അസാധാരണമായ ഋതു വ്യതിയാനം എന്നിവ മൂലമുള്ള കെടുതികൾ കർഷകന്റെ നടുവൊടിക്കുകയാണ്.

ഇന്ന് നിലങ്ങളിൽ ഉണ്ടാകുന്ന കളകൾ കതിരയും കറുകയും കാക്കപ്പോളയും പായലും അല്ല. പണ്ടൊക്കെ നാം വിളവെടുപ്പിൽനിന്നും കരുതിവച്ചിരുന്ന വിത്തുകൾ വിതച്ചിരുന്നപ്പോൾ തദ്ദേശീയമായ അത്തരം കളകളേ വിത്തിന്റെ കൂടെ കിളിർത്തിരുന്നുള്ളൂ എങ്കിൽ ഇന്ന് കുടിയേറ്റ കളകൾ നിലങ്ങളിൽ ആധിപത്യം പുലർത്തുന്നു. NSCയുടെയും KSCയുടെയും വിത്തുകളുടെകൂടെ കവിട, മൈസൂർ കവിട, കമ്പിക്കവിട എന്നിങ്ങനെ പെട്ടെന്നുവളർന്നും പന്തലിച്ചും നെൽച്ചെടിയേക്കാൾ പെട്ടെന്ന് പൂത്തു കായ്ച്ചു വിളഞ്ഞു നിലങ്ങളിൽ തന്നെ നിന്നുപോഴിഞ്ഞു വീണ്ടും കൃഷിയിറക്കുമ്പോൾ കിളിർത്തു തഴച്ചു പെരുകുന്ന ഹൈ-ബ്രീഡ് കളകൾ. പിന്നെയുള്ള തലവേദന വരിനെല്ലാണ്. അതിന്റെ കാര്യം വല്ലാത്ത കഷ്ടം തന്നെ. എത്ര മരുന്നടിച്ചാലും മരിക്കാത്ത അമരജന്മം. ആളുകളെ ഇറക്കി പറിച്ചുകളയാമെന്നു വച്ചാലും കോൺക്രീറ്റ്പോലെ മണ്ണിനെ വിട്ടുപോരാത്ത വീറുകാട്ടുന്ന ജനുസ്സുകൾ.

ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കുകയാണ്. പരാധീനതകളും ആവലാതികളും നമ്മൾ ഒട്ടേറെ പറഞ്ഞു മടുത്തു, നമുക്കും നമ്മെ കേൾക്കുന്നവർക്കും. നാം കർഷകരും, പടശേഖരസമിതികളും രണ്ടുമൂന്നു കൊല്ലത്തിലൊരിക്കൽ നിലങ്ങൾക്ക് ഒരവധി/ഇടവേള കൊടുക്കണം. അതും ഓരുവെള്ളം നിലങ്ങളിൽ കയറി ഇറങ്ങിയൊഴുകാൻ അനുയോജ്യമായ സമയം നോക്കി നൽകണം. പരീക്ഷണാർഥം ഒരു തവണ ചെയ്തു നോക്കിയിട്ട് വിജയകരമെങ്കിൽ അങ്ങനെയൊരു ഇടവേള നൽകൽ ആസൂത്രണം ചെയ്യണം. പൊതുഖജനാവു കാലിയാക്കി ഏതാനും ചിലരുടെ സ്വകാര്യ ഖജനാവുകൾ മാത്രം നിറയ്ക്കുന്ന ഫലപ്രദമല്ലാത്ത ഓരുമുട്ടുകൾ ആണ്ടോടാണ്ട് നിർമിക്കുന്ന അഴിമതിക്കരാറുകൾ ഒഴിവാക്കി ഫലവത്തും ബലവത്തുമായ ബദൽമാർഗങ്ങൾ സ്വീകരിക്കണം.
നമുക്ക് കക്ഷികൾ തോറും കാർഷിക സംഘടനകളുണ്ട്. കക്ഷിരഹിതം എന്ന് അവകാശപ്പെടുന്നവയും ഉണ്ട്‌. ഇവരിൽ ആരെങ്കിലും ഓരോ കാർഷിക മേഖലയ്ക്കും വേണ്ടി പഠന-ഗവേഷണ-നിർദ്ദേശങ്ങൾ ലഭിക്കുന്നതിനായി വിദഗ്ധ സമിതികൾ ഏർപ്പെടുത്തിയിട്ടുണ്ടോ? കുട്ടനാട്ടിലെ അമ്ലബാധിതമായ കരിനില മേഖലയിൽ ഒരു കരിനില വികസന ഏജൻസി ഉണ്ടായിരുന്നു. കുറച്ചു രാഷ്ട്രീയ നിയമനങ്ങളും സർക്കാർ (വേണ്ടിടത്തു എങ്ങുമെത്താത്ത) ഫണ്ട് ചെലവഴിക്കലും അല്ലാതെ എന്ത് കരിനില വികസനമാണ് അത് നടപ്പാക്കിയത്? കൃഷിവകുപ്പ് ഭരിക്കുന്ന കക്ഷിയുടെ പ്രാദേശിക നേതാക്കൾക്ക് കുറച്ചൊക്കെ വികസനം ഉണ്ടായിട്ടുണ്ടാവും.

അതുകൊണ്ട് നമ്മുടെ കാർഷിക (നെല്ലും മത്സ്യസമ്പത്തും ഒക്കെ ഉൾക്കൊള്ളുന്ന) കലവറയെ അൽപമാത്രമായെങ്കിലും വീണ്ടെടുക്കുന്നതിന് ഓരുവെള്ളം ഒരിടവേളയിലെങ്കിലും കടന്നുവന്ന് ഇറങ്ങിപ്പോകാൻ അവസരം ഉണ്ടാക്കുക. തദ്ദേശീയരായ തൊഴിലാളികൾക്ക് തോടുകളിൽ നിന്നും മണലും ചെളിയും വാരുന്നതിനുള്ള തടസ്സങ്ങൾ നീക്കുക. ഇപ്പോൾ സർക്കാർ കാശ് അങ്ങോട്ടുകൊടുത്തു ആഴം കൂട്ടൽ എന്ന പ്രഹസനം നിർത്തലാക്കിയാൽ നാട്ടിലെ തൊഴിലാളികൾക്ക് വരുമാനവും സർക്കാർ ഖജനാവിലെ പണം മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യാം. രാസ വിഷങ്ങളുടെ വില യാതൊരു മാനദന്ധവുമില്ലാതെ കുത്തഴിഞ്ഞ നിലയിലാണ് കൂട്ടിക്കൊണ്ടിരിക്കുന്നത്. അതിനും മരുന്നുകളുടെ ഉൽപാദകർ അവകാശപ്പെടുന്നതുപോലെയുള്ള ഫലപ്രാപ്തി കിട്ടാതെവന്നാൽ നിയമനടപടിക്കുമുള്ള കാര്യങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാകണം എന്നും അഭ്യർഥിക്കുന്നു.

ഉത്തരകേരളത്തെ എൻഡോസൾ‍ഫാൻ ബാധിച്ചപ്പോൾ കുട്ടനാടിനെ നാൾക്കുനാൾ പെരുകുന്ന അർബുദരോഗങ്ങളാണ് കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നത്. ആവർത്തിച്ചുള്ള രാസവിഷ പ്രയോഗങ്ങൾ ആലപ്പുഴയെ ‘cancer hub’ ആക്കി മാറിയിരിക്കുന്നു. നാം നടപടി കൈക്കൊണ്ടേ പറ്റൂ.