ഓവര്‍ഡ്രാഫ്റ്റ് പെയ്മെന്റുകളിലും ഇന്ററസ്റ്റ് പെയ്മെന്റുകളിലുമുള്ള ഫീസ് നിരക്കുകളില്‍ ക്യാപ് ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ പാര്‍ട്ടി. ഇതിനായി പ്രത്യേക നയം രൂപീകരിക്കും. വരുമാനം കുറഞ്ഞ കുടുംബങ്ങളെ കടക്കെണിയിലാക്കുന്ന നാഷണല്‍ സ്‌കാന്‍ഡല്‍ ഇതിലൂടെ ഇല്ലാതാക്കാനാകുമെന്ന് ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്ഡോണല്‍ പറഞ്ഞു. ഓവര്‍ഡ്രാഫ്റ്റില്‍ കഴിയുന്ന 2.7 മില്യന്‍ ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 87 പൗണ്ട് നഷ്ടമാകുന്നത് തടയാന്‍ ഈ നയത്തിലൂടെ സാധിക്കുമെന്നാണ് ലേബര്‍ അവകാശപ്പെടുന്നത്. ടോറികള്‍ സമ്പദ് വ്യവസ്ഥയ്ക്ക് തുരങ്കം വെച്ചെന്നും വേതനത്തില്‍ കുറവുണ്ടാകുകയും തൊഴില്‍ സുരക്ഷിതത്വം അപകടത്തിലാകുകയും ചെയ്തു, അതേസമയം ധനികര്‍ക്കും ബാങ്കുകള്‍ക്കും സഹായകമായ നിലപാടുകളാണ് ഗവണ്‍മെന്റ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ കടം വാങ്ങേണ്ടി വരുന്ന ഗതികേടിലാണ് ഒട്ടേറെ കുടുംബങ്ങള്‍. ഹൈ സ്ട്രീറ്റ് ബാങ്കുകള്‍ക്ക് ഇതിന്റെ പേരില്‍ വന്‍തുകകളാണ് ഇവര്‍ക്ക് നല്‍കേണ്ടി വരുന്നത്. ഇങ്ങനെ സാധാരണക്കാരെ പിഴിയുന്ന ദേശീയ സ്‌കാന്‍ഡലിന് അവസാനം കാണേണ്ടതുണ്ട്. ഓവര്‍ഡ്രാഫ്റ്റുകളിലെ ഫീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മണിക്കൂറിന് 10 പൗണ്ട് എന്ന റിയല്‍ ലിവിംഗ് വേജ് ഏര്‍പ്പെടുത്തു. അപ്രകാരം എല്ലാവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യമെന്നും മക്ഡോണല്‍ വ്യക്തമാക്കി.

ഓവര്‍ഡ്രാഫ്റ്റിനു മേലുള്ള വായ്പകള്‍ക്ക് 2014ല്‍ ഏര്‍പ്പെടുത്തിയ ഫീസിനാണ് നിയന്ത്രണം വരുത്താന്‍ ലേബര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളിംഗ് അതോറിറ്റിയിലൂടെ നടപ്പാക്കാനാണ് പദ്ധതി. 100 പൗണ്ടിന് 24 പൗണ്ട് മാത്രമായി ഫീസ് നിരക്കില്‍ പരിധി കൊണ്ടുവരും. സ്ഥിരമായി ഓവര്‍ഡ്രാഫ്റ്റില്‍ തുടരുന്നവര്‍ക്ക് മൊത്തം തുകയ്ക്കും ഫീസ് പരിധി കൊണ്ടുവരും. നിരസിക്കപ്പെടുന്ന പേയ്മെന്റുകളിലും ഈ പരിധി ബാധകമായിരിക്കും.