ഫെബ്രുവരി 22ന് ലീഡ്സിൽ ബസ് കാത്തുനിൽക്കവെ കാറിടിച്ചു മരിച്ച മലയാളി വിദ്യാർഥി ആതിരയുടെ (25) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ചേരും . ഞായറാഴ്ച തന്നെ മൃതസംസ്കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . മൃതദേഹം കൊണ്ടുപോകുന്നത് ഇന്നു രാവിലെ ലണ്ടനിൽനിന്നും പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിലാണ് .

മസ്കറ്റിൽ ജോലി ചെയ്തിരുന്ന ആതിരയുടെ ഭർത്താവ് രാഹുൽ ശേഖർ നാട്ടിലെത്തിയിട്ടുണ്ട്. ഇവർക്ക് ഒരു മകളുമുണ്ട്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെന്റ് വിദ്യാർഥിനിയായിരുന്നു ആതിര. ഒന്നരമാസം മുമ്പു മാത്രമാണ് ആതിര പഠനത്തിനായി ലീഡ്സിൽ എത്തിയത്.

ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ചാണ് മരിച്ചത്. കാറോടിച്ച യുവതിയെ അന്നുതന്നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കേസന്വേഷണവും പോസ്റ്റ്മോർട്ടം നടപടികളുമെല്ലാം ഒന്നരയാഴ്ചകൊണ്ട് പൂർത്തിയായി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ ബെക്കറ്റ് യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്. ആതിര യൂണിവേഴ്സിറ്റിയിൽ അടച്ച ഫീസ് ഉൾപ്പെടെയുള്ള തുക തിരികെ കിട്ടാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.