പ്രവാസ ജീവിതത്തിൽ മലയാളികൾ എന്നും മുന്നിലാണ്. ലോകത്തിൻറെ ഏതു മൂലയിൽ ചെന്നാലും ഒരു മലയാളിയുടെ സാന്നിധ്യം നമ്മെ അത്ഭുതപ്പെടുത്തുന്നു. കാലാകാലങ്ങളിൽ അതിനായി പല രാജ്യങ്ങളും അവർ തെരഞ്ഞെടുക്കുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിനുശേഷം ഏതാണ്ട് രണ്ടായിരത്തിനുശേഷം വലിയ തോതിലുള്ള ഒരു പ്രവാഹമാണ് യുകെയിലേക്കുണ്ടായിട്ടുള്ളത്. ഒരു പാശ്ചാത്യരാജ്യത്തെ നിയമ സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും, പെട്ടെന്നുള്ള കാലാവസ്ഥാമാറ്റവും, വ്യത്യസ്തമായ ജോലി, ജീവിത സാഹചര്യങ്ങളും തുടങ്ങി പല പ്രതിസന്ധിയും കുടുംബങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇതിനു പല കാരണങ്ങളുണ്ടാകാം, പക്ഷേ ഇതൊക്കെ ആരോട് തുറന്നു പറയും? ആരു സഹായിക്കും?. എല്ലാം ഉള്ളിലൊതുക്കി ജീവിതം മുന്നോട്ടു പോവുന്നതിനിടയിൽ കുടുംബങ്ങളുടെ താളം തെറ്റലിനു തന്നെ കാരണമാവുന്നു. ഇത്തരം സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാനാവാതെ കൊലപാതകങ്ങളിലേക്കും ആത്‌മഹത്യകളിലേക്കും പരിഹാരം തേടിപ്പോവുന്ന പല കുടുംബങ്ങളെയും നാം സമീപകാലത്തായി കണ്ടുകഴിഞ്ഞു. ഏതു സമയവും പൊട്ടിവമിക്കാവുന്ന അഗ്നി പർവ്വതം പോലെ പുകഞ്ഞുകൊണ്ടിരിക്കുന്ന എത്രയോ കുടുംബങ്ങൾ നമ്മുടെ ഇടയിലുണ്ടെന്നതും വളരെ യാഥാർഥ്യമാണ്…

കെറ്ററിംഗിൽ 35 വയസുകാരിയായ അഞ്ജു അശോകിനെയും അവരുടെ പിഞ്ചോമനകളായ ജീവൻ, ജാൻവി എന്നിവരുടെയും ഞെട്ടിക്കുന്ന കൊലപാതക വാർത്ത 2022 ഡിസംബർ മാസം 18 ന് നാം മലയാളികൾ വളരെ ഞെട്ടലോടെയാണ് കേട്ടത്. ഇതുപോലുള്ള വാർത്തകൾ പലതും കേട്ടിട്ടുണ്ടെങ്കിലും മനുഷ്യ മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ഈ സംഭവം മനഃസാക്ഷിയുള്ളവർക്കു സഹിക്കാവുന്നതിലും അപ്പുറമാണ്. തങ്ങൾക്കെന്നും തുണയും, ആശ്രയവും, തണലുമാകേണ്ട ഒരു കുടുബനാഥനിൽ നിന്നും ഇത്തരം ഒരനുഭവം !!! ആർക്കും അവിശ്വസനീയമാണ്.

ഈ ഒരു വേദനയിൽ നിന്നും ഉടലെടുത്ത ആശയമാണ് ഈ ട്രസ്റ്റിന്റെ തുടക്കം. കുടുംബങ്ങളിൽ നടക്കുന്ന അതിരുവിട്ട സംസാരങ്ങൾ വലിയ വാഗ്‌വാദങ്ങളിലേക്കും, ആർക്കും പരിഹരിക്കാൻ പറ്റാത്ത കുടുംബ വഴക്കിലേക്കും ചെന്നെത്തുന്നു. ഈ ഡൊമസ്റ്റിക് വയലൻസ് തടയുന്നതിന് മലയാളി കുടുംബങ്ങളെ സഹായിക്കാനായി അഞ്ജുവിൻറെ വത്സല മക്കൾ “ജീവൻ & ജാൻവി” എന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി ഞങ്ങൾ “ജീവൻ ട്രസ്റ്റ് യുകെ” എന്ന ചാരിറ്റി പ്രസ്ഥാനത്തിന് രൂപം നൽകി.

യുകെയുടെ വിവിധ കോണുകളിൽ താമസിക്കുന്ന തികച്ചും പ്രൊഫഷണലുകളാണ് ഈ ഉദ്യമത്തിൽ നിങ്ങളോടൊപ്പം സൗജന്യ സഹായത്തിനായി ഉള്ളത്. അവയവദാനം കൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയവരും, നേഴ്‌സിംഗ് മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്തു കൊണ്ടിരിക്കുന്നവരുമായ പലരും ഇതിൽ പങ്കാളികളാണെന്നത് തികച്ചും അഭിമാനത്തോടെ അറിയിക്കട്ടെ, മൂന്നു മാസത്തോളമായി പല മലയാളി കുടുംബങ്ങളെയും സഹായിക്കുവാനും അവരുടെ പ്രശ്നങ്ങളിലേക്ക് ഓടിച്ചെല്ലുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഞങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വ ബോധം നൽകുന്നു.

വിദ്യാഭ്യാസപരമായി നാമൊക്കെ വളരെ ഉന്നതിയിലാണെങ്കിലും ഇവിടെ നിന്നും ലഭ്യമാകുന്ന സൗകര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മക്ക് ഒരു പരിഹാരമായി മലയാളി സമൂഹത്തെ സഹായിക്കാൻ ഒരു പരിധിവരെ നമ്മുടെ ജീവൻ ട്രസ്റ്റ് യുകെയ്ക്ക് കഴിയും എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതിന് സന്നദ്ധരായി ജനറൽ പ്രാക്റ്റീഷണേഴ്‌സ് (GP) ഡോക്‌ടേഴ്‌സ്, സോഷ്യൽ വർക്കേഴ്‌സ്, നേഴ്സിംഗ് പ്രൊഫഷണൽസ്, കൗൺസിലേഴ്‌സ്, സോളിസിറ്റർസ് കൂടാതെ വിവിധ രംഗങ്ങളിൽ പ്രശസ്തരായിട്ടുള്ള സാമൂഹിക പ്രവർത്തകർ മുതലായവരാണ് ഈ ജീവൻ ട്രസ്റ്റിൽ നെടുംതൂണായിട്ടുള്ളത്.

ഇതിന്റെ ഔദ്യാഗിക ഉദ്‌ഘാടനവും വെബ്സൈറ്റ് പ്രകാശനവും ഏപ്രിൽ 22 ശനിയാഴ്ച വൈകുന്നേരം വൈകിട്ട് 6 മണിക്ക് കേംബ്രിഡ്ജിൽ വച്ച് കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ (CMA) നടത്തുന്ന ഈസ്റ്റർ വിഷു ആഘോഷ പരിപാടിയിൽ വച്ച് റോയ്‌സ്റ്റൺ മേയർ കൗൺസിലർ കൗൺസിലർ മേരി ആൻറണി നിർവഹിക്കുന്നതാണ്.

യുകെയുടെ അക്ഷര നഗരിയായ കേംബ്രിഡ്ജിൽ വച്ച് ഈ ചാരിറ്റി സംഘടനയുടെ ഉത്‌ഘാടനം നടത്തുവാൻ സാധിക്കുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഒന്നായി ഞങ്ങൾ കാണുന്നു. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ, വിഷു, ആഘോഷങ്ങൾ മാത്രം നടത്താനുള്ള ഒരു സംഘടന മാത്രമായി തുടരുന്നതിനു പകരം തികച്ചും ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനമാണ് കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻ എന്നത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

ഇവിടെ തെളിയുന്ന ഈ ചെറിയ തിരി ഒരു വലിയ പ്രകാശ ഗോപുരമായി ഈ നാട്ടിലെങ്ങും പ്രശോഭിക്കുവാൻ ജീവൻ ട്രസ്റ്റിന് ഇടയാവട്ടെ എന്ന് പ്രത്യാശിക്കുന്നു. ഉദ്ഘാടന വേളയിലും തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു…. നിങ്ങളുടെ പ്രവാസജീവിതത്തിലെ പ്രതിസന്ധിയിൽ ഒരു തുണയായി ഞങ്ങളും നിങ്ങളുടെ കൂടെ ……

ബന്ധപ്പെടേണ്ട നമ്പർ: 07828103000

കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

https://www.jeevantrust.co.uk/