കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. പിണറായിയെ വെറുതെവിട്ട നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കും. ാജ്യത്തെ പ്രധാന അഴിമതിക്കേസാണ് ലാവ്‌ലിന്‍ എന്നും വിദേശ കമ്പനിക്ക് ചട്ടവിരുദ്ധമായി കരാര്‍ നല്‍കിയത് വഴി ഖജനാവിന് നഷ്ടം വരുത്തിയെന്നുമാണ് ഉപഹര്‍ജിയിലൂടെ കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഈ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഉപഹര്‍ജി ഡയറക്റ്റര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ ടി.ആസിഫലി ഹൈക്കോടതിയില്‍ നല്‍കും. 2013 നവംബറിലാണ് പിണറായി വിജയനെ തിരുവനന്തപുരം സിബിഐ കോടതി വെറുതെ വിട്ടത്. തെളിവുകള്‍ വേണ്ട വിധം പരിശോധിക്കാതെയാണ് കീഴ്‌ക്കോടതി പിണറായി വിജയനെ വെറുതെ വിട്ടതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്ര അടുത്ത ദിവസം ആരംഭിക്കാനിരിക്കെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കം.

അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് യുഡിഎഫ് വീണ്ടും ലാവ്‌ലിനുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് സിപിഐഎം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ സോളാര്‍ കമ്മീഷന്‍ വിചാരണയ്ക്കു വിധേയമാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. പുകമറ സൃഷ്ടിക്കാനുളള ശ്രമമാണ് ഇതെന്നും, രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും തോമസ് ഐസക്ക് എംഎല്‍എ പറഞ്ഞു. പിണറായിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇതൊന്നും ബാധകമാകില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ എസ്.രാമചന്ദ്രന്‍പിളള അറിയിച്ചു.