കൊച്ചി: പിണറായി വിജയന്‍ പ്രതിയായിരുന്ന ലാവലിന്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ഉബൈദ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. കേസിന്റെ വാദം മൂന്ന് മാസങ്ങള്‍ക്കു മുമ്പ് പൂര്‍ത്തിയായിരുന്നു.

നായനാര്‍ സര്‍ക്കാരിന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലയളവില്‍ നടന്ന ഇടപാടില്‍ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ സിബിഐ അന്വേഷണം നടന്നിരുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടുണ്ടായി എന്നായിരുന്നു ആരോപണം.

2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇതിനു ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി യുഡിഎഫ് സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും സിബിഐക്ക് മാത്രമേ പുനപരിശോധനയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളി. അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറലായ എം.കെ ദാമോദരന്‍, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരാണ് പിണറായിക്കായി കേസ് വാദിച്ചത്.