ദീപ ദീപു
ആത്മപരിശോധനയുടെയും മാനസാന്തരത്തിന്റെയും ഒരു വിശുദ്ധമായ യാത്രയാണ് ഓരോ നോമ്പുകാലവും. ഈ നോമ്പുകാലത്ത് മൂന്ന് വ്യക്തികളുടെ ജീവിതങ്ങളിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം. അന്ധനായ ബർതിമേയൂസിന്റെ വിശ്വാസജീവിതത്തിലൂടെയുള്ള യാത്ര, യൂദാസിന്റെ വിശ്വാസ വഞ്ചനയിലൂടെയുള്ള യാത്ര, പത്രോസിന്റെ തള്ളിപ്പറയിലിൻ്റെയും അനുതാപത്തിന്റെയും വഴിയിലൂടെയുള്ള യാത്ര.
വി. മർക്കോസിന്റെ സുവിശേഷം പത്താം അധ്യായം 46 – 52 വരെയുള്ള തിരുവചനങ്ങളിലാണ് അന്ധനായ ബർതിമേയൂസിനെ നാം കണ്ടുമുട്ടുന്നത്. യേശു തൻറെ സമീപത്തു കൂടി കടന്നു പോകുന്നു എന്നറിഞ്ഞ ബർതിമേയൂസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ദാവീദിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ എന്ന് . അവനെ നിശബ്ദനാകാൻ പലരും ശ്രമിച്ചെങ്കിലും അവൻ കൂടുതൽ ഉച്ചത്തിൽ യേശുവിനെ വിളിച്ചു. യേശു ആ വിളി കേട്ട് അവനെ തന്റെ അടുത്തേക്ക് വിളിച്ചു. യേശുവിൻറെ വിളി കേട്ടയുടനെ ബർതിമേയൂസ് ചെയ്ത കാര്യം വളരെ ശ്രദ്ധേയമാണ്. അവൻ തൻ്റെ പുറങ്കുപ്പായം ദൂരെയെറിഞ്ഞ് കുതിച്ചുചാടി യേശുവിൻറെ അടുത്തെത്തി. പുറങ്കുപ്പായം പ്രതീകാത്മകമായ ഒരു പ്രയോഗമാണ്. മനുഷ്യന്റെ അഹങ്കാരത്തിന്റെ, അസൂയയുടെ, നിരാശയുടെ, ദുഃഖങ്ങളുടെ, അശുദ്ധിയുടെ എല്ലാം പ്രതീകമാണ് പുറങ്കുപ്പായം. അത് വലിച്ചെറിഞ്ഞാൽ മാത്രമേ സ്വാതന്ത്ര്യത്തോടെ സ്നേഹത്തോടെ ഈശോയുടെ അടുത്തേക്ക് നമുക്ക് ഓടിയെത്താൻ കഴിയുകയുള്ളൂ. അങ്ങനെ ഈശോയെ സമീപിക്കുമ്പോൾ നാം എന്ത് ചോദിച്ചാലും അവൻ നമുക്കത് സാധിച്ചു തരും. കലർപ്പില്ലാത്ത വിശ്വാസം നമുക്കുണ്ടെങ്കിൽ എല്ലാ തടസ്സങ്ങളുടെ നടുവിലും ആ വിശ്വാസത്തോടെ ദൈവത്തെ നിരന്തരമായി വിളിക്കുന്നവർക്ക് അവിടുന്ന് എപ്പോഴും സമീപസ്ഥനായിരിക്കുമെന്ന് ബർതിമേയൂസിന്റെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
രണ്ടാമത്തെ ചിന്ത സൗഹൃദത്തെ, സ്നേഹത്തെ വില്പന ചരക്കാക്കിയ യൂദാസിന്റെ വഞ്ചനയുടെ കഥയാണ്. മുപ്പത് വെള്ളിക്കാശിന് വേണ്ടി തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ വഞ്ചനയിലൂടെയാണ് യേശുവിൻറെ പീഡാസഹനം ആരംഭിക്കുന്നത്. യേശുവിൻറെ കലർപ്പില്ലാത്ത സ്നേഹത്തിൽ അത്യാഗ്രഹത്തിന്റെ മാലിന്യം യൂദാസ് കലർത്തിയതാണ് അവനെ ഒറ്റുകാരനാക്കിയത് . ബഹുമാനപ്പെട്ട ഫാ. ജിസൺ പോളിന്റെ ഒരു പ്രഭാഷണത്തിൽ നിന്ന് കിട്ടിയ ആശയമാണിത്. യേശുവിൻറെ പീഡാസഹനവും കുരിശു മരണവും അനിവാര്യമായ രക്ഷാകര പദ്ധതിയുടെ ഭാഗമായിരുന്നെങ്കിലും അതിന് കാരണമായത് യേശു ഏറെ സ്നേഹിച്ച തന്റെ ശിഷ്യന്മാരിൽ ഒരുവനായ യൂദാസിന്റെ ചുംബനത്തിലൂടെയുള്ള ഒറ്റിക്കൊടുപ്പിലൂടെയാണ്. നമുക്കും പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറില്ലേ. ഏറെ സ്നേഹിച്ചവരിൽ നിന്ന് തീവ്രമായ സഹനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലേ? അപ്പോൾ ഈശോ എത്രമാത്രം ഹൃദയവേദന അനുഭവിച്ചു കാണുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയും. സ്വന്തം ചങ്കായി കണ്ട് സ്നേഹിച്ചവൻ ചുംബനം കൊണ്ട് ഒറ്റിയപ്പോൾ അവന് സഹിക്കേണ്ടി വന്നത് മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പീഡകളാണ്. അവൻ ശിരസ്സിൽ അണിഞ്ഞ മുൾമുടി , ശരീരത്തിലേറ്റ ചാട്ടവാറടികൾ, തോളിലേറ്റിയ ഭാരമേറിയ കുരിശ്, ഏറ്റുവാങ്ങിയ ശാപവചനങ്ങൾ, അവഹേളനങ്ങൾ , കുരിശുമായി മൂന്നുതവണ നിലത്തു വീണപ്പോൾ അനുഭവിച്ച കഠോരമായ വേദന, വഴിയിൽ വച്ച് തന്റെ അമ്മയെ കണ്ടപ്പോൾ അനുഭവിച്ച ഹൃദയവേദന , ഗാഗുൽത്തായിൽ കുരിശിൽ കിടത്തി കൈകളിലും കാലുകളിലും കാരിരുമ്പാണി അടിച്ചിറക്കിയപ്പോൾ അനുഭവിച്ച പ്രാണൻ പറിഞ്ഞു പോകുന്ന വേദന, കുന്തത്താൽ കുത്തി തുറക്കപ്പെട്ട അവൻറെ ഹൃദയത്തിനേറ്റ വേദന. ഇതെല്ലാം സ്നേഹത്തിൽ വഞ്ചന കലർത്തപ്പെട്ടതിന്റെ പരിണിത ഫലമാണ്. ഈ നോമ്പുകാലത്ത് നമുക്ക് യൂദാസിനെപ്പോലെ നമ്മുടെ അത്യാഗ്രഹങ്ങളാൽ, പാപങ്ങളാൽ നമ്മുടെ നാഥനെ ഒറ്റിക്കൊടുക്കാതിരിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം .
മൂന്നാമതായി പത്രോസിന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. യേശുവിൻറെ ഏറ്റവും ശക്തനായ ശിഷ്യനായിരുന്നു പത്രോസ്. യേശുവിനെ ആദ്യമായി കണ്ട ദിവസം, അവന്റെ ഒറ്റ വിളിയിൽ സർവ്വവും ഉപേക്ഷിച്ച് അവനെ അനുഗമിച്ച പത്രോസ് എക്കാലവും തന്റെ വിശ്വാസം ഏറ്റുപറയുവാൻ ചങ്കൂറ്റം കാണിച്ചവനാണ്. യേശു സർവ്വശക്തനായ ദൈവത്തിൻറെ പുത്രനായ ക്രിസ്തുവാണെന്ന് സധൈര്യം ഏറ്റുപറഞ്ഞ പത്രോസ്, ഗത് സമേൻ തോട്ടത്തിൽ യേശുവിനെ പിടികൂടാൻ വന്ന പടയാളികളോട് പൊരുതി അവരിലൊരുവന്റെ ചെവി ഛേദിച്ചു കളയാൻ ധൈര്യം കാണിച്ച പത്രോസ്. അവൻ തന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറയുമെന്ന് യേശു പ്രവചിച്ചപ്പോൾ നിന്നോടു കൂടി മരിക്കേണ്ടിവന്നാൽ പോലും ഞാൻ നിന്നെ തള്ളി പറയില്ല എന്ന് തറപ്പിച്ചു പറയുന്ന പത്രോസിനെ മർക്കോസിന്റെ സുവിശേഷം 14-ാം അധ്യായം 27 – 31 വരെയുള്ള തിരുവചനങ്ങളിൽ നമ്മൾ കാണുന്നു. എന്നാൽ അധികം താമസിയാതെ 66-ാം വാക്യം മുതൽ കാണുന്നത് യേശുവിൻറെ വിചാരണ സമയത്ത് പുറത്ത് തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസ് ഒരു മനചാഞ്ചല്യവുമില്ലാതെ മൂന്ന് പ്രാവശ്യം തൻറെ ജീവനായിരുന്ന ഗുരുവിനെ തള്ളി പറയുന്നതാണ്. കേവലം നൈമിഷികമായ ഒരു തീയുടെ ചൂട് ലഭിച്ചപ്പോൾ ഒരല്പം സുരക്ഷിതത്വം കിട്ടിയപ്പോൾ ശിഷ്യപ്രമുഖനായ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു. എന്നാൽ ഹൃദയവേദനയോടെയുള്ള യേശുവിൻറെ കരുണ നിറഞ്ഞ ഒരു നോട്ടം പത്രോസിന്റെ ഹൃദയത്തിൻറെ ആഴങ്ങളിലാണ് പതിഞ്ഞത്. അവൻ ഹൃദയം നൊന്ത് ഉള്ളുരുകി കരഞ്ഞു എന്നാണ് തിരുവചനം പറയുന്നത്. പത്രോസിന്റെ ആ അനുതാപ കണ്ണുനീർ അവൻറെ മുഖത്തും ഹൃദയത്തിലും മായാത്ത മുദ്രകൾ പതിപ്പിച്ചു. പിന്നീട് ആ അനുതാപം അവനെ നയിച്ചത് ക്രിസ്തുവിൻറെ സഭയുടെ അടിസ്ഥാനമായ ആദ്യത്തെ മാർപാപ്പ എന്ന പദവിയിലേയ്ക്കാണ്. യേശുവിൻറെ സുവിശേഷം സധൈര്യം പ്രഘോഷിക്കാൻ, അവനുവേണ്ടി രക്തസാക്ഷിത്വം വഹിക്കാൻ ആ മാനസാന്തരം അവനെ പ്രാപ്തനാക്കി.
ഈ നോമ്പുകാലത്ത് ബർതിമേയൂസിനെപ്പോലെ വിശ്വാസം ലഭിക്കാനും യൂദാസിനെ പോലെ ഒറ്റുകാരനാകാതിരിക്കാനും പത്രോസിനെ പോലെ ഹൃദയം നൊന്ത് മനസ് തപിക്കാനുവുമുള്ള കരുണയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.
ദീപ ദീപു
ഫ്ലോറിഡയിൽ നെഫ്രോളജി നഴ്സ് പ്രാക്ടീഷണറായ ദീപയുടെ സ്വദേശം കണ്ണൂർ ആണ്. തൊടുപുഴ സ്വദേശിയായ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെയും ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെയും സജീവ അംഗമായിരുന്നു. 1997-ൽ ജീസസ് യൂത്ത് ഫുൾടൈമറായി സേവനം ചെയ്തിട്ടുണ്ട്. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.











ആത്മീയത നിറഞ്ഞ അവതരണത്തിനൊപ്പം വളരെ മനോഹരമായ ഭാഷയും. ഓരോ ഭാഗവും ചിന്തിപ്പിക്കുന്നതും പ്രാർത്ഥനയിലേക്ക് നയിക്കുന്നതുമായ രീതിയിൽ എഴുതിയിരിക്കുന്നു.
നല്ലൊരു ആത്മീയ അനുഭവമാണ് വായനക്കാർക്ക് സമ്മാനിക്കുന്നത്. ഈ നോമ്പുകാലത്ത് വായനക്കാരെ ആത്മപരിശോധനയിലേക്കും ദൈവസന്നിധിയിലേക്കും നയിക്കാൻ കഴിയുന്ന ഹൃദയത്തിൽ സ്പർശിക്കുന്ന എഴുത്തിന് ആദരവും അഭിനന്ദങ്ങളും 🙏
Short and Sweet. Very happy to read this. Thanks for sharing your thoughts on lent season.
Beautifully written my friend ❤️. Your words carry such honesty and depth especially in this Lenten season, they truly help and inspire everyone to reflect and grow. So proud of you and so happy for you 🫶🫶🫶
Well done 👏🏼.
Beautifully written my friend
Your words carry such honesty and depth especially in this Lenten season, they truly help and inspire everyone to reflect and grow. So proud of you and so happy for you my friend 🙏❤️❤️❤️