ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ നഗരത്തിലെ അണ്ടർഗ്രൗണ്ട് ട്യൂബ് സർവീസുകളെ അടിമുടി ബാധിക്കുന്ന ട്രെയിൻ സമരത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. ആർ.എം.ടി യൂണിയന്റെ നേതൃത്വത്തിലുള്ള ഡ്രൈവർമാർ ഏപ്രിൽ 21 മുതൽ 24 വരെ, മേയ് 19 മുതൽ 22 വരെ, ജൂൺ 16 മുതൽ 19 വരെ എന്നീ മൂന്ന് ഘട്ടങ്ങളിലായി 24 മണിക്കൂർ വീതം സമരം നടത്തും. ഈ ദിവസങ്ങളിൽ പിക്കഡില്ലി, സർകിൾ ലൈൻ സർവീസുകൾ പൂർണ്ണമായും നിലയ്ക്കും. മെട്രോപൊളിറ്റൻ ലൈനിൽ ബേക്കർ സ്ട്രീറ്റിൽ നിന്ന് ആൾഡ്‌ഗേറ്റ് വരെയും സെൻട്രൽ ലൈനിൽ വൈറ്റ് സിറ്റിയിൽ നിന്ന് ലിവർപൂൾ സ്ട്രീറ്റ് വരെയും സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

സമരം ലണ്ടൻ നഗരത്തിലെ ഗതാഗത സംവിധാനത്തെ കാര്യമായി ബാധിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മിക്ക ട്യൂബ് ലൈനുകളിലും “ഗണ്യമായ” തടസ്സങ്ങൾ നേരിടേണ്ടി വരും എന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ (ടി.എഫ്.എൽ) മുന്നറിയിപ്പ് നൽകി കഴിഞ്ഞു . ആദ്യ ട്രെയിനുകളിൽ കയറുക പോലും പ്രയാസകരമാകാം. ഇതോടെ ലണ്ടൻ ഓവർഗ്രൗണ്ട്, ഡി.എൽ.ആർ, എലിസബത്ത് ലൈൻ, ട്രാം, ബസ് സർവീസുകൾ എന്നിവയിൽ തിരക്ക് കുത്തനെ ഉയരുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഏപ്രിൽ 24ന് ബോ ഡിപ്പോയിൽ നിന്നുള്ള ചില ബസ് സർവീസുകളിലും പ്രത്യേക സമരം ഉണ്ടാകുന്നതോടെ യാത്രാ ദുരിതം കൂടുതൽ രൂക്ഷമാകും.

ഡ്രൈവർമാരിൽ ഏകദേശം പകുതി പേർ മാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നത്. എ.എസ്.എൽ.ഇ.എഫ് യൂണിയൻ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ജോലിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ആർ.എം.ടി-യോടൊപ്പം എ.എസ്.എൽ.ഇ.എഫ് കൂടി സമരത്തിൽ പങ്കെടുത്തപ്പോൾ സർവീസുകളെ ഏറെ ബാധിച്ചിരുന്നു. എന്നാൽ ഇത്തവണ എ.എസ്.എൽ.ഇ.എഫ് നാല് ദിവസ പ്രവർത്തി ആഴ്ച നിർദേശത്തെ പിന്തുണച്ചതിനാൽ സമരത്തിന്റെ വ്യാപ്തി കുറയുമെന്നാണ് വിലയിരുത്തൽ. ഡ്രൈവർമാർക്ക് സ്വമേധയാ നാല് ദിവസ പ്രവർത്തി ആഴ്ച സ്വീകരിക്കാമെന്ന നിർദേശത്തെ ആർ.എം.ടി തള്ളിയതാണ് ഈ സമരത്തിന് പ്രധാന കാരണം.











Leave a Reply