അനിൽ ഹരി
LMHS സംഘടിപ്പിച്ച വർണ്ണശബളമായ വിഷു ആഘോഷം വിഷുപുലരി 2026 11 ആം തിയ്യതി ലിവർപൂൾ കാർദിനാൾ ഹീനൻ സ്‌കൂളിൽ വച്ച് അതിഗംഭീരമായി നടത്തപ്പെട്ടു. രാവിലെ എട്ടു മണിക്ക് ഒരുക്കിയ അതിമനോഹരമായി വിഷുക്കണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് വിഷുപൂജ, വിഷു കൈനീട്ടം തുടങ്ങിയവ ഗൃഹാതുരത്വത്തിൻ്റെ നിറം പകർന്നു. പത്തുമണിയോടെ LMHS എക്സിക്യൂട്ടിവ് കമിറ്റി പ്രസിഡൻ്റ് ശ്രീ സായികുമാർ ഉണ്ണികൃഷ്ണൻ ഔപചാരികമായി സദസ്സിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. തുടർന്ന് ഈയടുത്ത് നടന്ന നൃത്ത പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച സാത്വിക ആർട്ട് & കൾചറൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

തുടർന്ന് നിഷ മുണ്ടേക്കാട് വിഷുവിൻ്റെ ഐതിഹ്യവും പ്രാധാന്യവും വിഷു ആഘോഷം എങ്ങനെ നമ്മുടെ ജീവിതവുമായി ഇഴുകിച്ചേർന്നിരിക്കുന്നു എന്നും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പിന്നെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ കാണികളിലെ ത്രസിപ്പിച്ചു കൊണ്ട് ഉറിയടി നൃത്തം അരങ്ങേറി രാധാകൃഷ്ണന്മാരും കുചേലനും ഗോപികമാരും ഒക്കെയായി ഉറിയടി നൃത്തം ഏവരുടേയും മനം കവർന്നു. തുടർന്ന് LMHS ൻ്റെ ഭജന സംഘം നാദതരംഗിണി ഭജൻസ് അവതരിപ്പിച്ച കൃഷ്ണാർച്ചന ഭജനകളും ആസ്വാദക മനസ്സിൽ ഭക്തിയും സന്തോഷവും നിറച്ചു. തുടർന്ന് എല്ലാവരും വിഭവസമൃദ്ധമായൊരുക്കിയ രുചികരമായ വിഷു സദ്യ ആസ്വദിച്ചു.

സദ്യക്കിടയിലും ചില കലാപരിപാടികളും കളികളുമായി അവതാരകർ സദസ്സിനെ ആസ്വാദനത്തിൻ്റെ വിവിധ തലങ്ങളിലേയ്ക്ക് കൊണ്ടുപോയിരുന്നു.
ഉച്ചതിരിഞ്ഞ് 2:30-ന് LMHS ബാലഗോകുലത്തിലെ കൊച്ചു മിടുക്കന്മാരും മിടുക്കികളം ആലപിച്ച പ്രാർത്ഥനഗാനത്തോടെ വിഷു ദിന സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. തുടർന്ന് സാത്വിക യിലെ കുട്ടികൾ അവതരിപ്പിച്ച ഭരതനാട്യം, കുട്ടികളുടെ ഗാനാലാപനം എന്നിവയുണ്ടായി. സാത്വികയിലെ തന്നെ ചെറിയ കുട്ടികളുടെ ബോളിവുഡ് ഡാൻസിനു ശേഷം നിഷാ മാധവൻ അവതരിപ്പിച്ച കഥക് ഒരു വ്യത്യസ്ത ആസ്വാദനം പ്രദാനം ചെയ്തു. മുതിർന്നവരുടെ സെമി ക്ലാസിക്കൽ ഡാൻസ്, കുട്ടികളുടെ സംഘനൃത്തങ്ങൾ എന്നിവയെക്കൂടാതെ സദസ്സിനെ രോമാഞ്ചം കൊള്ളിച്ച പ്രകടനവുമായി സാത്വികയിലെ നൃത്താദ്ധ്യാപിക കൃഷ്ണപ്രിയയും സംഘവുമവതരിപ്പിച്ച സീതാകല്യാണം എന്ന നൃത്തശില്പം ആസ്വാദകമനസ്സിൽ ആഹ്ലാദമുണർത്തി. തുടർന്ന് കേരളത്തിൻ്റെ തനതു കലാരൂപമായ ലാസ്യതരംഗിണി മോഹിനിയാട്ടം ഫ്യൂഷനുമായി അദ്ധ്യാപിക ശ്രുതി ബിനോജിൻ്റെ ശിഷ്യർ അരങ്ങു നിറഞ്ഞാടി. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ച നൃത്തഗാനങ്ങൾക്ക് മാറ്റു കൂട്ടിക്കൊണ്ട് ലേഖ രാംകുമാർ ആവിഷ്കരിച്ച “കൃഷ്ണാർപ്പണം” എന്ന സ്കിറ്റുമായി LMHS കുടുംബാംഗങ്ങൾ രംഗത്തത്തി. പ്രധാനമായും കൃഷ്ണഭക്തയായ കുറൂരമ്മയുടെ കഥ പറഞ്ഞ ഈ കലാസൃഷ്‌ടി ആദ്യന്തം കാണികളെ പിടിച്ചിരുത്തി. പൂന്താനം മേൽപ്പത്തൂർ വില്വമംഗലം തുടങ്ങിയവരുടെ കഥയും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദകമായി. സ്‌കിറ്റ് കണ്ടതോടെ ഗുരുവയൂരിലെത്തുവാൻ ധൃതിയായി എന്നാണ് ഒരാസ്വാദകൻ ഭക്തിപൂർവ്വം പ്രതികരിച്ചത്. അത്രയും മനസ്സിനെ തൊടുന്ന അവതരമായിരുന്നു അരങ്ങേറിയത്. തുടർന്നും നൃത്തങ്ങളും ഗാനങ്ങളും മറ്റുമായി LMHS ലെ കലാകാർ ആസ്വാദമനസ്സിനെ കവർന്നു. ഒടുവിൽ സാത്വിക നൃത്താദ്ധ്യാപിക ഡോ സുപ്രിത ഐതലിൻ്റെ അതിമനോഹരമായ ഭരതനാട്യത്തോടെ കലാപരിപാടികൾക്ക് തിരശ്ശീല വീണു. പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

വിഷുദിനാഘോഷത്തിൻ്റെ ടൈറ്റിൽ സ്പോൺസറായ സയാൻ മോർഡ്ഗേജസ് നടത്തിയ റാഫിൾ മത്സരത്തിൽ വിജയിച്ചവർക്ക് സയാനിനു വേണ്ടി ശ്രീ അനീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. LMHS നടത്തിയ ലക്കി ഡ്രോയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടക്കുകയുണ്ടായി. അതു പോലെ തന്നെ മറ്റൊരു സ്പോൺസറായ റിഷാ കളക്ഷനും വിവിധ മത്സരവിജയികൾക്ക് സമ്മാനം നൽകുകയുണ്ടായി. LMHS സെക്രട്ടറി ഡോ. നിതിൻ ഉണ്ണിക്കൃഷ്ണൻ നന്ദിപ്രകടനത്തോടെ വിഷുപ്പുലരി 2026 ആഘോഷം ഔദ്യോദികമായി സമാപിച്ചു. ആഘോഷം ഗംഭീര വിജയമാക്കുന്നതിന് സഹായിച്ച എല്ലാവരോടും എക്സിക്യൂട്ടിവ് കമ്മിറ്റി നന്ദി അറിയിച്ചു.












Leave a Reply