ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഈ വേനൽക്കാലത്ത് ആളുകൾ വിദേശ യാത്രകളെക്കാൾ ആഭ്യന്തര ടൂറിസത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഇറാൻ യുദ്ധത്തെ തുടർന്നുള്ള പ്രശ്നങ്ങളും യൂറോപ്പിലാകെ വിമാന റദ്ദാക്കലുകളുടെ ഭീഷണിയും കാരണം ആളുകൾ സുരക്ഷിതമായ യാത്രയായി രാജ്യത്തിനുള്ളിൽ തന്നെ അവധിക്കാലം ചിലവഴിക്കാൻ താല്പര്യപ്പെടുകയാണ് . കഴിഞ്ഞ ദിവസങ്ങളിലായി ഇന്ധന ക്ഷാമത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതോടെ രാജ്യത്തു തന്നെയുള്ള നിരവധി ഹോളിഡേ പാർക്കുകളുടെ വെബ്സൈറ്റുകളിലെ സന്ദർശനം വർധിച്ചു. ചില കമ്പനികൾക്ക് ബുക്കിംഗിൽ 30% വരെ വർധന രേഖപ്പെടുത്തിയതായി അധികൃതർ പറയുന്നു. കോവിഡ് കാലത്തെപ്പോലെ തന്നെ അനിശ്ചിതത്വം ഒഴിവാക്കാൻ കുടുംബങ്ങൾ രാജ്യത്തിനകത്തു തന്നെയുള്ള യാത്രാ പദ്ധതികൾക്ക് മുൻഗണന നൽകുന്നതായും ടൂറിസം രംഗം വിലയിരുത്തുന്നു.

ജീവിതച്ചെലവിന്റെ വർധനയും ഈ മാറ്റത്തിന് പ്രധാന കാരണമായി മാറുന്നു. വിദേശ യാത്രകൾ കൂടുതൽ ചെലവേറിയതാകുന്നതിനാൽ കുറഞ്ഞ ചെലവിൽ കാർ അല്ലെങ്കിൽ പൊതുഗതാഗതം വഴി എളുപ്പത്തിൽ എത്താവുന്ന ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ തിരിയുകയാണ്. നിരവധി കുടുംബങ്ങൾ അവധി ദിവസങ്ങൾ കുറയ്ക്കുകയോ അടുത്തുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യുന്നു. അതേസമയം, യാത്രകൾ അവസാന നിമിഷം ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായതായി ടൂറിസം കമ്പനികൾ വ്യക്തമാക്കുന്നു. മാർച്ചിൽ യാത്രാചെലവിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ജനങ്ങളുടെ അവധിയാത്രയിലേക്കുള്ള താത്പര്യം തുടരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ വർഷം ബ്രിട്ടനിലെ ആഭ്യന്തര ടൂറിസം വിപണി ഏകദേശം 7% വളർച്ച നേടുകയും 14 ബില്യൺ പൗണ്ടിനടുത്ത് എത്തുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

മധ്യപൂർവ ദേശത്തെ സംഘർഷത്തെ തുടർന്ന് യൂറോപ്പിൽ ജെറ്റ് ഇന്ധന ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ ശക്തമാകുന്നുണ്ട് . ആവശ്യമായ ഇന്ധനം ലഭിക്കാത്ത പക്ഷം മേയ് അവസാനത്തോടെ വിമാന സർവീസുകൾ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് വ്യോമയാന മേഖല മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിൽ വെറും ഏതാനും ആഴ്ചകൾക്കുള്ള ഇന്ധന ശേഖരം മാത്രമേ ഉള്ളുവെന്ന റിപ്പോർട്ടുകളും ആശങ്ക വർധിപ്പിക്കുന്നുണ്ട് . കൂടാതെ, യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി-എക്സിറ്റ് സംവിധാനം നടപ്പിലാക്കിയതോടെ അതിർത്തികളിൽ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പുകൾ അനുഭവിക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട് . ഇതിനകം തന്നെ ചില യാത്രക്കാർക്ക് വിമാനങ്ങൾ റദ്ധാക്കിയത് മൂലം യാത്ര തടസ്സപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യങ്ങൾ ഒട്ടുമിക്ക ആളുകളെയും വിദേശ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുകയും ആഭ്യന്തര ടൂറിസത്തിനുള്ള ആവശ്യം വർധിപ്പിക്കുകയും ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നു.











Leave a Reply