പാലാ: വിവിധയിടപാടുകള്‍ നടത്തി അഞ്ചുകോടിയുമായി മുങ്ങിയയാള്‍ 14 വര്‍ഷത്തിനുശേഷം പിടിയില്‍. പാലാ നെച്ചിപ്പുഴൂര്‍ മണ്ഡപത്തില്‍ പി.കെ. മോഹന്‍ദാസ്(58) ആണ് ഡല്‍ഹിയിലെ രോഹിണിയില്‍ പാലാ പോലീസിന്റെ പിടിയിലായത്. 14 വര്‍ഷമായി വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.

2008 കാലഘട്ടത്തില്‍ പാലായിലെ എല്‍.ഐ.സി. ഏജന്റ് ആയിരുന്ന മോഹന്‍ദാസ് ഉപഭോക്താക്കളുടെ പോളിസി തുക അടയ്ക്കാതെ ചിട്ടി കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തം വീടും സ്ഥലവും വില്പനക്കായി പരസ്യപ്പെടുത്തി പലരുമായും കരാറുണ്ടാക്കി കോടികള്‍ മുന്‍കൂറായി വാങ്ങിയെടുത്തു.

വഞ്ചിതരായവര്‍ പാലാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് 2008-ല്‍ പതിനഞ്ച് വഞ്ചനാകേസുകള്‍ മോഹന്‍ദാസിനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പാലാ പോലീസ് ഇയാളെ അറസ്റ്റുചെയ്തു.

കോടതിയില്‍നിന്ന് ജാമ്യം നേടിയ മോഹന്‍ദാസ് ഭാര്യയോടും മക്കളോടുമൊപ്പം ഒളിവില്‍പോയി. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മോഹന്‍ദാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:- ബി.കോം. ബിരുദധാരിയായ മോഹന്‍ദാസും ഭാര്യയും മൂന്ന് വര്‍ഷത്തോളം ലുധിയാനയില്‍ അധ്യാപകരായി ജോലിചെയ്തു.

പിന്നീട് രണ്ടുവര്‍ഷം മോഹന്‍ദാസ് അവിടെയുള്ള അമ്പലത്തില്‍ കഴകക്കാരനായി. ഈ സമയത്ത് ലുധിയാനയില്‍ വാടകക്ക് താമസിച്ചിരുന്ന അഡ്രസ്സില്‍ ഇയാള്‍ ആധാര്‍കാര്‍ഡും സ്വന്തമാക്കി. 2013-ല്‍ മോഹന്‍ദാസിനെ അന്വേഷിച്ച് പോലീസ് പഞ്ചാബില്‍ എത്തി അന്വേഷണം നടത്തി. വിവരമറിഞ്ഞ മോഹന്‍ദാസ് ഡല്‍ഹിയിലേക്ക് കുടുംബസമേതം താമസം മാറ്റി.

ഡല്‍ഹിയില്‍ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലത്തില്‍ അക്കൗണ്ടന്റ് ആയി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. മൂന്നുമാസം മുന്‍പ് ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിര്‍ദേശപ്രകാരം പാലാ ഡിവൈ.എസ്.പി. ഷാജു ജോസ് പുതിയ അന്വേഷണസംഘം രൂപവത്കരിച്ചു. അന്വേഷണത്തില്‍ മോഹന്‍ദാസിന്റെ ഭാര്യയും മക്കളും വിദ്യാഭാസ ആവശ്യത്തിനായി പൊള്ളാച്ചിയിലേക്ക് താമസം മാറ്റിയതറിഞ്ഞു.

തുടര്‍ന്ന് കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരവധി ഫോണ്‍േകാളുകള്‍ പരിശോധിച്ച് ഡല്‍ഹിയിലെ ഒരു അമ്പലത്തിലെ നമ്പറില്‍നിന്ന് ഭാര്യക്കും മക്കള്‍ക്കും ഇടയ്ക്കിടെ കോളുകള്‍ വരുന്നത് ശ്രദ്ധിച്ചിരുന്നു.

തുടര്‍ന്ന് ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ എട്ടുവര്‍ഷമായി മോഹന്‍ദാസ് ഡല്‍ഹിയിലെ രോഹിണിയില്‍ അമ്പലത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി.

പാലാ സി.ഐ. കെ.പി. ടോംസന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ സി. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.