ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ബുദ്ധിമുട്ടുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലോക്കല്‍ ഇലക്ഷനില്‍ വന്‍ തിരിച്ചടി. 2015നെ അപേക്ഷിച്ച് വലിയ തിരിച്ചടിയാണ് ഇത്തവണ ഇംഗ്ലീഷ് ലോക്കല്‍ ഇലക്ഷനില്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാര്‍ട്ടിക്ക് നേരിട്ടത്. 1334 കൗണ്‍സിലര്‍ സീറ്റുകളാണ് കണ്‍സര്‍വേറ്റീവിന് നിലനിര്‍ത്താന്‍ കഴിയാതെ പോയത്. ബ്രെക്‌സിറ്റിനെ നിര്‍ത്തലാക്കാന്‍ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ലിബറല്‍ ഡെമോക്രാറ്റുകളാകട്ടെ ഇലക്ഷനില്‍ നേട്ടം കൊയ്യുകയും ചെയ്തു. ഏതാണ്ട് 703 സീറ്റുകളാണ് ഇത്തവണ ലിബറല്‍ ഡെമോക്രാറ്റുകള്‍ അധികം സ്വന്തമാക്കിയത്. ഡെമോക്രാറ്റുകള്‍ നേടുന്ന മികച്ച തെരഞ്ഞെടുപ്പ് വിജയം കൂടിയാണിത്.

ലേബര്‍ പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്. 82 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്. യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കും (UKIP) തെരഞ്ഞെടുപ്പ് തിരിച്ചടികളുടേതാണ്. 2015നെ അപേക്ഷിച്ച് 145 സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. അതേസമയം ഗ്രീന്‍ പാര്‍ട്ടി ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സിന് ഇത്തവണ നേട്ടങ്ങളുടെ തെരഞ്ഞെടുപ്പാണ്. 194 സീറ്റുകളില്‍ അധിക വിജയം നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. പരിസ്ഥിതി രാഷ്ട്രീയം കാലാവസ്ഥ വ്യതിയാനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതയുമാണ് ഗ്രീന്‍ പാര്‍ട്ടിക്ക് പിന്തുണ വര്‍ദ്ധിപ്പിക്കുന്നതെന്ന് നേതാക്കള്‍ പിന്നീട് പ്രതികരിച്ചു. ഇലക്ഷനില്‍ തിരിച്ചടി നേരിടുമെന്ന് നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടക്ക് മുന്നറിയിപ്പി ലഭിച്ചിരുന്നെങ്കിലും ഇത്രയും വലിയ തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നില്ല.

പുതിയ രാഷ്ട്രീയ സാഹര്യങ്ങള്‍ ബ്രെക്‌സിറ്റിലും സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റില്‍ അന്തിമ തീരുമാനമെടുക്കേണ്ട തിയതി ഒക്ടോബര്‍ 31 വരെ നിലനില്‍ക്കുന്നുവെങ്കിലും തെരഞ്ഞെടുപ്പിലേറ്റ പ്രതിസന്ധി തെരേസ മേയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ കാരണമായേക്കും. രണ്ടാം ഹിതപരിശോധന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ലേബര്‍ പാര്‍ട്ടിയും മേയ്ക്ക് പിന്തുണ നല്‍കില്ലെന്ന് ഉറുപ്പായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് കരുതുന്നത്.