പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ ഭാവി ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കുമെന്ന് സൂചന. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിനായി കാക്കുകയാണ് എംപിമാര്‍. വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്ക് വീഴ്ച സംഭവിച്ചെന്ന പരാമര്‍ശം ഉണ്ടായാല്‍ രാജി ആവശ്യം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ടോറി വിമതരുടെയും തീരുമാനം.

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതു തെളിയിക്കാൻ പോരാടുമെന്നും ബോറിസ് ജോണ്‍സണ്‍ പ്രതിജ്ഞ ചെയ്യുന്നു. ബുധനാഴ്ച പ്രതീക്ഷിച്ചിരുന്ന സ്യൂ ഗ്രേയുടെ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെ ചോദ്യങ്ങളില്‍, റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ലേബര്‍ നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ജോണ്‍സണിന് ലഭിക്കുന്ന ഫോര്‍മാറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക എന്നത് ആണ് തങ്ങളുടെ ഉദ്ദേശ്യം എന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഗ്രേയുടെ റിപ്പോര്‍ട്ട് അവര്‍ ഇതുവരെ പ്രധാനമന്ത്രിക്ക് അയച്ചിട്ടില്ല. റിപ്പോര്‍ട്ട് കാണാന്‍ എംപിമാര്‍ക്ക് വ്യാഴാഴ്ച വരെയോ അതിനുശേഷമോ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. കോമണ്‍സ് പ്രസ്താവന നടത്തുന്നതിന് മുമ്പ് അതിന്റെ ഉള്ളടക്കം പഠിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സമയം നല്‍കുമെന്ന് ബോറിസ് പറഞ്ഞു.

ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികളെക്കുറിച്ചു മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് പത്താം നമ്പറില്‍ നടന്ന പാര്‍ട്ടികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് വെളിപ്പെടുത്തിയത്. 2020 മുതല്‍ ഡൗണിംഗ് സ്ട്രീറ്റിലും വൈറ്റ്ഹാളിലും ‘കോവിഡ് -19 ചട്ടങ്ങളുടെ ലംഘനങ്ങള്‍ ‘ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്ന് ക്രെസിഡ ഡിക്ക് പറഞ്ഞു. ലോക്ക്ഡൗണ്‍ പാര്‍ട്ടികളെക്കുറിച്ചു പോലീസ് അന്വേഷണം കൂടി പുറത്തുവന്നതോടെ പ്രതിപക്ഷം ബോറിസിന്റെ രാജിയാവശ്യം ശക്തമാക്കിയിരുന്നു.

ആദ്യ ലോക്ക്ഡൗണ്‍ നിലവിലിരിക്കെ ബോറിസ് ജോണ്‍സന്റെ ജന്മദിനം ആഘോഷിക്കാന്‍ 10-ാം നമ്പറില്‍ ജീവനക്കാര്‍ ഒത്തുകൂടിയെന്ന് ഡൗണിംഗ് സ്ട്രീറ്റ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേരാന്‍ ജീവനക്കാര്‍ ചെറുതായി ഒത്തുകൂടി എന്ന് നമ്പര്‍ 10 പറഞ്ഞു, അദ്ദേഹം 10 മിനിറ്റില്‍ താഴെ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ഡൗണിംഗ് സ്ട്രീറ്റ് കൂട്ടിച്ചേര്‍ത്തു. രണ്ടില്‍ കൂടുതല്‍ ആളുകളുടെ ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ നിരോധിച്ചിരുന്ന സമയമായിരുന്നു അത്.

2020 ജൂണിലെ ഇവന്റില്‍ 30 പേര്‍ വരെ പങ്കെടുത്ത് ഹാപ്പി ബര്‍ത്ത്‌ഡേ പാടുകയും കേക്ക് വിളമ്പുകയും ചെയ്തതായി ഐടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജൂണ്‍ 19 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷമാണ് കാബിനറ്റ് റൂമില്‍ ജന്മദിന പരിപാടി നടന്നതെന്ന് ഐടിവി ന്യൂസ് പറഞ്ഞു,

അന്നു വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ കുടുംബസുഹൃത്തുക്കള്‍ക്ക് ആതിഥ്യമരുളിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും അസത്യമാണ് എന്നാണ് 10-ാം നമ്പര്‍ വക്താവ് പറഞ്ഞത് . അന്നത്തെ നിയമങ്ങള്‍ക്കനുസൃതമായി, ആ വൈകുന്നേരം പ്രധാനമന്ത്രി കുറച്ച് കുടുംബാംഗങ്ങള്‍ക്ക് പുറത്ത് ആതിഥേയത്വം വഹിച്ചു എന്നാണ് ന്യായീകരണം. ജോണ്‍സന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം നമ്പര്‍ 10 ഗാര്‍ഡനില്‍ ബാര്‍ബിക്യൂ നടത്തിയിരുന്നതായി ഈ രണ്ടാം സമ്മേളനത്തില്‍ ഒരു സ്രോതസ് ബിബിസിയോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ അന്നത്തെ പ്രതിശ്രുതവധു കാരി സിമണ്ട്സ് ക്യാബിനറ്റ് റൂമില്‍ കേക്ക് സംഘടിപ്പിച്ചുവെന്നും ദമ്പതികളുടെ ഡൗണിംഗ് സ്ട്രീറ്റ് ഫ്ലാറ്റിന്റെ നവീകരണം നടത്തിയ ഇന്റീരിയര്‍ ഡിസൈനറായ ലുലു ലൈറ്റിലിനൊപ്പം ചടങ്ങില്‍ എത്തിയെന്നും ഒരു ഉറവിടം ബിബിസിയോട് പറഞ്ഞു. സാന്‍ഡ്‌വിച്ചുകളും പിക്‌നിക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും 30 പേര്‍ വരെ പങ്കെടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

2020 മെയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കവെ നടന്ന പാര്‍ട്ടി നടക്കുന്നതിന് മുന്‍പ് ബോറിസുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തന്റെ ആശങ്കകള്‍ തള്ളിക്കളയുകയാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന്‍ ഡൊമനിക് കമ്മിംഗ്‌സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ദേശീയ ദുഃഖാചരണമായിട്ടും ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിന് തലേന്നും ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികള്‍ നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് രാത്രി 10-ാം നമ്പറില്‍ രണ്ട് സ്റ്റാഫ് പാര്‍ട്ടികള്‍ക്ക് ഡൗണിംഗ് സ്ട്രീറ്റ് വേദിയായെന്ന് ദ ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.