അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എട്ടു റീജണുകളായി തിരിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും സംയുക്തമായി നയിച്ചു കൊണ്ട് പോവുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സമാപന ഘട്ടത്തിലേക്ക്. 29 ഞായറാഴ്ച ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രൂഷ നടത്തപ്പെടുമ്പോള്‍ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് ചാപ്ലൈന്‍സികളുടെ പരിധിയിലും മറ്റുമായി 33 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും എത്തുന്ന ആയിരങ്ങളോടൊപ്പം മറ്റു റീജിയണല്‍ കണ്‍വെന്‍ഷനുകളില്‍ പങ്കു ചേരുവാന്‍ വിവിധ കാരണങ്ങളാല്‍ കഴിയാത്തവരും കൂടെ ഒത്തു ചേരും.

തിരുവചനത്തിലായിരിക്കുവാനും അനുഭവിക്കുവാനും സ്വീകരിക്കുവാനും അതിലൂന്നി നയിക്കപ്പെടുവാനും പരിശുദ്ധാത്മാവ് സമ്മാനമായി നല്‍കുന്ന നല്ല അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനും പരിശുദ്ധാത്മ ശുശ്രൂഷകളിലൂടെ ലഭിക്കാവുന്ന വരദാനങ്ങളും അടയാളങ്ങളും അത്ഭുത രോഗ ശാന്തികളും ആതമ ശാന്തിയും കരസ്ഥമാക്കുവാനും ബൈബിള്‍ കണ്‍വെന്‍ഷന്‍ അനുഗ്രഹ സ്രോതസ്സാവും.

ഏവരെയും സ്‌നേഹപൂര്‍വ്വം അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ ഹാന്‍സ് പുതിയകുളങ്ങര, ഫാ.മാത്യൂകട്ടിയാങ്കല്‍, ഫാ.സാജു പിണക്കാട്ട്, ഫാ.സാജു മുല്ലശ്ശേരി എന്നിവര്‍ അറിയിച്ചു.

കണ്‍വെന്‍ഷനില്‍ പങ്കു ചേരുന്നവര്‍ക്കായി ചില അറിയിപ്പുകള്‍ സംഘാടക സമിതി നല്‍കിയിട്ടുണ്ട്. അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ് Allianz Park, Greenlands Lanes, Hendon, London NW4 1RL

കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തുന്നവര്‍ A 41ല്‍ കൂടി വന്ന് പേജ് സ്ട്രീറ്റ് വഴി ചാമ്പ്യന്‍സ് വേയിലൂടെ മുന്നോട്ടു വന്ന് A ഗെയിറ്റിനു സമീപത്തുള്ള പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

സൗജന്യവും വിശാലവുമായ പാര്‍ക്കിങ്ങില്‍ 800 ഓളം കാറുകള്‍ക്കും 200 ഓളം കോച്ചുകള്‍ക്കും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.

ലണ്ടനിലെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഉപവാസ ശുശ്രൂഷയായിട്ടാവും നടത്തപ്പെടുക.അതിനാല്‍ കുട്ടികള്‍ അടക്കം ഭക്ഷണം ആവശ്യം ഉള്ളവര്‍ എല്ലാവരും തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.

രാവിലെ 9:30ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ വൈകുന്നേരം 6:00 മണിക്ക് സമാപിക്കും.

300 അടിയോളം നീളമുള്ള വിശാലമായ ഹാളില്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേഷണം ബിഗ് സ്‌ക്രീനില്‍ ഒരുക്കുന്നതിനാല്‍ ഏവര്‍ക്കും കണ്ടു കൊണ്ട് ധ്യാന ശുശ്രൂഷയില്‍ പൂര്‍ണ്ണമായി പങ്കു ചേരുവാന്‍ കഴിയും.

കണ്‍വെന്‍ഷനില്‍ പങ്കുചേരുവാനായി ട്രെയിന്‍ മാര്‍ഗ്ഗം മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ വന്നെത്തുന്നവര്‍ക്കായി കണ്‍വെന്‍ഷന്‍ സെന്ററിലേക്കും തിരിച്ചും ഷട്ടില്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. (അനില്‍ 07723744639)

പ്രായാടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകള്‍ സെഹിയോന്‍ യുകെയുടെ ഡയറക്ടര്‍ സോജി അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്.

കണ്‍വെന്‍ഷനില്‍ വരുന്ന രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ശുശ്രൂഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തില്‍ കൂട്ടുകയും ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡീക്കന്‍ ജോയ്സ് – 0783237420, തോമസ് ആന്റണി-07903867625,
അനില്‍ ആന്റണി-07723744639, ജോസഫ് കുട്ടമ്പേരൂര്‍-07877062870