അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍:ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ ഞായറാഴ്ച ലണ്ടനിലെ അല്ലിയന്‍സ് പാര്‍ക്കിലെ ശുശ്രൂഷയോടെ സമാപിക്കും. അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ ‘സുവിശേഷവേല’യുടെ ഭാഗമായി രൂപതയെ ശാക്തീകരിക്കുന്നതിനും രൂപതാംഗങ്ങളെ പരിശുദ്ധാത്മ കൃപാവരങ്ങള്‍ കൊണ്ടു നിറക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ സമാപിക്കുമ്പോളേക്കും രൂപത അഭിഷേക നിറവിലാവും.

പരിശുദ്ധാത്മ ശുശ്രൂഷകളില്‍ കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രൂഷകരില്‍ പ്രശസ്തനായ വചന ഗുരുവും, അത്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും തിരുവചന പ്രഘോഷണങ്ങളിലൂടെയും സ്തുതിപ്പുകളിലൂടെയും പകര്‍ന്നു നല്‍കുവാന്‍ നിയോഗിക്കപ്പെട്ട അനുഗ്രഹീത അഭിഷിക്തന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്റെ ശുശ്രുഷ യുകെയില്‍ ദൈവീക അടയാളങ്ങള്‍ക്കും നിരവധിയായ ഉദ്ധിഷ്ട കാര്യസാദ്ധ്യങ്ങള്‍ക്കും കാരണഭൂതമാവും.

യുകെയിലുടനീളം നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ഉപവാസങ്ങളും അഖണ്ഡ ജപമാലകളും വിശുദ്ധ കുര്‍ബ്ബാനകളും പ്രാര്‍ത്ഥനാമഞ്ജരികളും ആയി ഈശ്വര ചൈതന്യത്തില്‍ നടത്തപ്പെടുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ അല്ലിയന്‍സ് പാര്‍ക്കില്‍ വലിയ അത്ഭുതങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അതിനു നേര്‍സാക്ഷികളാവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും കിട്ടുന്ന ഈ സുവര്‍ണ്ണാവസരം ആരും നഷ്ടപ്പെടുത്തരുതേ എന്നാണു സ്രാമ്പിക്കല്‍ പിതാവിന്റെ ഏക പ്രാര്‍ത്ഥന.

29 ഞായറാഴ്ച രാവിലെ 9:30ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ തിരുവചന ശുശ്രുഷകളും വിശുദ്ധ കുര്‍ബ്ബാനയും ആരാധനയും അത്ഭുത സാക്ഷ്യങ്ങളും ഗാന ശുശ്രൂഷകളും ഉണ്ടാവും. കുട്ടികള്‍ക്കായി രണ്ടു വിഭാഗമായി പ്രതേക ശുശ്രൂഷകളും ഒരുക്കിയിട്ടുണ്ട്.

വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്ള ധ്യാന വേദിയില്‍ ഗേറ്റ് ‘A’ യില്‍ കൂടി പ്രവേശിച്ചു ‘പേജ് സ്ട്രീറ്റ്’ വഴി വന്നു ‘ചാമ്പ്യന്‍സ് വേ’യില്‍ക്കൂടി പാര്‍ക്കിങ്ങില്‍ എത്താവുന്നതാണ്. കണ്‍വെന്‍ഷന്‍ കൂടുതല്‍ അനുഗ്രഹീതമാവുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഉപവാസമനുഷ്ഠിച്ചുകൊണ്ടുള്ള അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരില്‍ ആവശ്യമുള്ളവര്‍ ഭക്ഷണം കയ്യില്‍ കരുതേണ്ടതാണെന്ന കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ വന്നു ചേരുന്നവര്‍ക്കായി ആവശ്യമെങ്കില്‍ യാത്രാസൗകര്യം വോളണ്ടിയേഴ്‌സ് ഒരുക്കുന്നുണ്ട്. എന്നിരുന്നാലും രാവിലെ 11:00 മുതല്‍ വൈകുന്നേരം 5:00 മണി വരെ ഷട്ടില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അനില്‍ ആന്റണിയുമായി (07723744639) ബന്ധപ്പെടേണ്ടതാണ്.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ കൂടുതല്‍ അനുഭവമാക്കുന്നതിനായി വലിയ സ്‌ക്രീനുകളില്‍ തത്സമയ പ്രക്ഷേപങ്ങള്‍ കാണുവാന്‍ മികച്ച സംവിധാനങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് ഹാളുകളിലായിട്ടാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ശുശ്രൂഷകള്‍ക്കു സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ഡയറക്ടര്‍ സോജി ഓലിക്കല്‍ അച്ചനും ടീമും നേതൃത്വം നല്‍കും.

കായികാരവങ്ങള്‍ മാത്രം മുഴങ്ങിക്കേട്ട ‘അല്ലിന്‍സ് പാര്‍ക്ക്’ ഞായറാഴ്ച ദൈവ സ്തുതികളുടെയും തിരുവചനകളുടെയും സ്വര്‍ഗ്ഗീയാരവം കൊണ്ട് നിറയുമ്പോള്‍ അതിനു കാതോര്‍ക്കുവാന്‍ വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേര്‍സാക്ഷികളാവും എന്ന് തീര്‍ച്ച.

കുമ്പസാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഏവരെയും സ്‌നേഹ പൂര്‍വ്വം കണ്‍വെന്‍ഷനിലേക്കു ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

Allianz Park Greenlands Lanes, Hendon, London NW4 1RL