അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആപ്തവാക്യം മുറുകെ പിടിച്ച് രൂപതയുടെ ആത്മീയ വളര്‍ച്ചക്കും, ആദ്ധ്യാത്മിക നവോത്ഥാനത്തിനും സഭയുടെ ശാക്തീകരണത്തിനും വേണ്ടി യുകെയിലുടനീളം ദൈവിക ശുശ്രുഷയും പ്രഘോഷണവുമായി സഞ്ചരിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ അതിനുള്ള ആത്മീയ പോഷണം നല്‍കുന്നതിന്റെ ഭാഗമായി നടത്തപ്പെട്ട റീജിയണല്‍ അഭിഷേകാഗ്‌നി ധ്യാനങ്ങള്‍ ലണ്ടനില്‍ സമാപിച്ചു. വിശ്വാസ സാഗരത്തെ ആത്മീയ ആനന്ദം കൊണ്ട് നിറച്ച തിരുവചന ശുശ്രൂഷയില്‍ വചനങ്ങളുടെയും പരിശുദ്ധാത്മ ശുശ്രൂഷകളുടെയും ഏറ്റവും വലിയ പ്രഘോഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ തന്നെ നേതൃത്വം നല്‍കുക ആയിരുന്നു.

‘പാപങ്ങളില്‍ നിന്ന് തിരിയുന്നതല്ല ദൈവത്തിങ്കലേക്കു തിരിയുന്നതാണ് മാനസാന്തരം. വിശുദ്ധ ലിഖിതങ്ങളോ ദൈവീക ശക്തിയോ അറിയാത്തവരാണ് നാശങ്ങളിലേക്ക് നിപതിക്കുക. മക്കളെ ശ്ലീഹന്മാരുടെ വിധത്തില്‍ വളര്‍ത്തുക ഏതൊരു മാതാപിതാക്കളുടെയും കടമയാണ്. ഹവ്വയേയും യൂദാസിനെയും വഞ്ചിക്കുകയും, ദൈവത്തെ വരെ പരീക്ഷിക്കുകയും ചെയ്ത പിശാച് ഓരോരോ വിശ്വാസിക്കും പിന്നാലെ ചതിക്കുവാന്‍ പാത്തിരിക്കുകയാണെന്നും അതിനെ തോല്‍പ്പിക്കുവാന്‍ പ്രാര്‍ത്ഥനയും, പ്രമാണങ്ങളെ മുറുകെ പിടിച്ചുള്ള ജീവിതവും ആണ് ഓരോ വിശ്വാസിയും ചെയ്യേണ്ടത്’ എന്നും വട്ടായില്‍ അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ നയിച്ചു കൊണ്ട് സുവിശേഷ പ്രഘോഷണം ചെയ്യുകയായിരുന്നു വട്ടായില്‍ അച്ചന്‍.

ഞായറാഴ്ച ആചരണത്തിന്റെ മഹത്വവും, അനിവാര്യതയും ശക്തമായ ഭാഷയില്‍ വിശ്വാസികളെ മാര്‍ സ്രാമ്പിക്കല്‍ പിതാവ് ഉദ്ബോധിപ്പിച്ചു. ആരാധനാ ക്രമത്തിലെ ഏലിയാ-ശ്ലീവാ-മൂശക്കാലങ്ങളിലൂടെ എത്തി നില്‍ക്കുമ്പോള്‍ യേശുവിന്റെ മഹത്വപൂര്‍ണ്ണമായ രണ്ടാം ആഗമനവും അന്ത്യ വിധിയും ഉത്ഥാനവും ആണ് അനുസ്മരിപ്പിക്കുക. യേശുവിനോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ന്ന ഒരുവനും പൈശാചിക ശക്തികള്‍ക്ക് മുമ്പില്‍ പരാജയപ്പെടില്ലെന്നും ജോസഫ് പിതാവ് ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്. ‘ശ്ലീഹന്മാരെപ്പോലെ സുവിശേഷ ജോലി ചെയ്യുന്നവനും ദൈവത്തെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരുവനും ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും’ പിതാവ് ഓര്‍മ്മിപ്പിച്ചു.

നേരത്ത പരിശുദ്ധ ജപമാല സമര്‍പ്പിച്ച് ആരംഭിച്ച ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷനില്‍ തുടര്‍ന്ന് കഞ്ചന്‍ ബ്രദര്‍, സാംസണ്‍ അച്ചന്‍ എന്നിവര്‍ ആമുഖമായി വചനം പങ്കു വെച്ചു. അഭിഷേകാഗ്‌നി ശുശ്രുഷയില്‍ സേവ്യര്‍ ഖാന്‍ അച്ചന്‍ മുഖ്യ കാര്‍മികനായി തിരുവചനം പങ്കു വെച്ചു. കായിക മാമാങ്കങ്ങളുടെ ആരവങ്ങള്‍ കേട്ടു തഴമ്പിച്ചതും, കായിക ലോകത്തെ വിസ്മയമായ ഉസൈന്‍ ബോള്‍ട്ടടക്കം ലോകം കീഴടക്കിയ അത്‌ലറ്റുകള്‍ കോള്‍മയിര്‍ കൊള്ളിക്കുകയും ചെയ്ത ട്രാക്കിനു ഈശ്വര സ്തുതിപ്പുകളും തിരുവചനങ്ങളും നല്‍കിയ സ്വര്‍ഗ്ഗീയാരവം നടാടെ കേള്‍ക്കെ ദൈവീക സാന്നിദ്ധ്യത്തിന്റെ വിശ്വാസകോട്ടയായി മാറുകയായിരുന്നു അല്ലിന്‍സ് പാര്‍ക്ക്.

അയ്യായിരത്തില്‍പരം വിശ്വാസികളെ കൊണ്ട് രൂപം കൊണ്ട ജനസാഗരം സാക്ഷ്യം വഹിച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ആല്മീയോത്സവവും, വിശ്വാസ പ്രഘോഷണവുമായി. നിരവധിയായ അത്ഭുത രോഗശാന്തികളും ദൈവീക അനുഗ്രഹങ്ങളും സാക്ഷ്യം വഹിച്ച വചനവേദി അഭിഷേകപ്പെരുമഴയുടെ അനുഗ്രഹ വേദിയാവുകയായിരുന്നു.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു അര്‍പ്പിച്ച ആഘോഷമായ സമൂഹ ബലിയില്‍ വൈദികരായ സേവ്യര്‍ ഖാന്‍, സോജി ഓലിക്കല്‍, ജോസ് അന്ത്യാംകുളം, സെബാസ്റ്റ്യന്‍ ചാമക്കാല, ഹാന്‍സ് പുതിയകുളങ്ങര, ജോയ് ആലപ്പാട്ട്, സാജു പിണക്കാട്ട്, സാജു മുല്ലശ്ശേരി, സെബാസ്റ്റ്യന്‍ പാലാട്ടി, റെനി പുല്ലുകാലായില്‍, റോയ്, ഫാന്‍സുവ പത്തില്‍, ജോസഫ് കടുത്താനം എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. സ്വര്‍ഗ്ഗീയാനുഭവം പകര്‍ന്നു നല്‍കിയ ഗാന ശുശ്രുഷയും ഉജ്ജ്വലമായി.

ആരാധനക്കു ശേഷം സമാപന ആശീര്‍വാദത്തോടെ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ സമാപിച്ചു. നേരത്തെ കണ്‍വെന്‍ഷന്റെ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഈ കണ്‍വെന്‍ഷന്‍ വന്‍ വിജയമാവുന്നതില്‍ മുഖ്യപങ്കു വഹിച്ച ജോസച്ചന്റെ നേതൃത്വത്തിലുള്ള വൈദികര്‍ക്കും, തോമസ് ആന്റണിക്കും ടീമിനും നന്ദി പറയുമ്പോള്‍ വന്‍ ഹസ്താരവത്തോടെയാണ് വിശ്വാസികള്‍ അത് ഏറ്റെടുത്തത്.

കുട്ടികള്‍ക്ക് രണ്ടു വിഭാഗങ്ങളായി വെവ്വേറെ ഹാളുകളില്‍ ശുശ്രുഷകളും നടത്തപ്പെടുകയുണ്ടായി. സെഹിയോന്‍ യു കെ മിനിസ്ട്രിയുടെ കീഴിലുള്ള ടീമാണ് കുട്ടികളുടെ ശുശ്രുഷകള്‍ക്കു നേതൃത്വം വഹിച്ചത്.ഡാന്‍സും പാട്ടും സ്‌കിറ്റുകളും കളിയുമായി ദൈവത്തെ മനസ്സിലാക്കുവാനും ദൈവീക സ്‌നേഹം പകരുവാനും സഹായകമായി. കളിയിലൂടെ അറിവിന്റെയും മനസ്സിന്റെയും അകത്തളങ്ങളിലേക്ക് യേശുവിനെ കുടികൊള്ളിക്കുവാന്‍ കുഞ്ഞു മനസ്സുകളെ പ്രാപ്തരാക്കുന്ന ശുശ്രുഷകള്‍ ഏറെ ആല്മീയ മാധുര്യം പകരുന്നവയായി.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സമാപിച്ചിട്ടും മണിക്കൂറിലേറെ നീണ്ട നിരയായിരുന്നു കൈവെപ്പു പ്രാര്‍ത്ഥനക്കായി വട്ടായില്‍ അച്ചന്റെ മുമ്പില്‍ രൂപം കൊണ്ടത്. അഭിഷേക നിറവിലും ആത്മ സന്തോഷത്തിലുമാണ് എല്ലാ രൂപതാ മക്കളും തിരുവചന വേദി വിട്ടത്.