ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഇന്ത്യൻ വേരിയന്റ് വൻ ഭീഷണി സൃഷ്ടിച്ചതിൻെറ പിന്നാലെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നു. മെയ് 13, 14 തീയതികളിൽ 600 ഓളം ക്രൂയിസ് കപ്പൽ ജീവനക്കാർ റെഡ് ലിസ്റ്റിൽപ്പെട്ട ഇന്ത്യയിൽനിന്ന് ഹീത്രോ വിമാനത്താവളം വഴി യുകെയിൽ എത്തിച്ചേർന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അത് കൂടാതെ കർശനമായി നടപ്പിലാക്കേണ്ട 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഈ യാത്രക്കാരെ ഒഴിവാക്കിയത് ഗുരുതരമായ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

കടുത്ത പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സിൻെറ ശ്രദ്ധയിൽ പെടുത്തിയതിന് തുടർന്ന് മെയ് 19 ഓടുകൂടിയാണ് ഇത്തരത്തിലുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തപ്പെട്ടത്. ഷാഡോ ഇമിഗ്രേഷൻ മന്ത്രി പ്രസ്തുത സംഭവങ്ങളെക്കുറിച്ച് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത്തരം സുരക്ഷാ പഴുതുകൾ ഉണ്ടാക്കുന്നത് രാജ്യത്തിന് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങളെ തുടർന്ന് രോഗവ്യാപനം ഉയരുന്നതു മൂലം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രാജ്യത്ത് നീണ്ടു പോകാനുള്ള സാധ്യതയിലേയ്ക്ക് അദ്ദേഹം വിരൽ ചൂണ്ടി.