ചരക്കുലോറിയെ മറികടക്കവെ ബൊലേറോ ഇടിച്ചിട്ട ബൈക്ക് തെറിച്ചു വീണത് ലോറിക്കടിയിലേയ്ക്ക്. ലോറിക്കടിയിൽ പെട്ട് വിദ്യാർത്ഥി അതിദാരുണമായി മരിച്ചു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് ഷീജ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന പത്മകുമാർ(വേണു)-സിന്ധു ദമ്പതികളുടെ ഏക മകൻ വിശാലാണ് (19) മരിച്ചത്. ബൈക്കിനു പിറകിലിരുന്ന സഹപാഠി ആറ്റിങ്ങൽ ഫൈവ് റോസ് വില്ലയിൽ ഷാജുവിന്റെ മകൻ ആസിഫ് (19) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികളാണ് ഇരുവരും. ദേശീയപാതയിൽ കോരാണി പതിനെട്ടാംമൈൽ രേവതി ആഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ലോറിയും ബൈക്കും പൂർണമായി കത്തിനശിച്ചു. വിശാലും ആസിഫും സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്കുലോറിയെ ഓവർടേക്ക് ചെയ്ത് കയറുമ്പോൾ എതിരേ വന്ന ബൊലേറോ ഇടിക്കുകയായിരുന്നു.

വിശാലിന്റെ ദേഹത്തുകൂടി ലോറിയുടെ ടയർ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റോഡിലേക്കു തെറിച്ചുവീണാണ് ആസിഫിന് പരിക്കേറ്റത്. ലോറിയുടെ മുൻ ചക്രത്തിൽ കുരുങ്ങി 10 മീറ്ററോളം ടാറിൽ ഉരഞ്ഞുനീങ്ങിയ ബൈക്കിൽനിന്ന് പെട്രോൾ ചോർന്നാണ് തീപിടുത്തമുണ്ടായത്. ബൈക്ക് ടാറിൽ ഉരസിയുണ്ടായ തീപ്പൊരിയിൽ നിന്ന് പെട്രോളിലേക്ക് തീവ്യാപിച്ച് ബൈക്കാണ് ആദ്യം കത്തിയത്.

പെട്ടെന്ന് ലോറിയിലേക്കും തീ പടർന്നു. തീ പടരുന്നതിനിടയിലാണ് ഡ്രൈവർ സുജിത് ലോറി നിറുത്തിയത്. താഴെയിറങ്ങുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. വിവരം അറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്‌സും പൊലീസും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ലോറിയിൽ സാനിറ്റൈസർ, മാസ്‌ക്, കോസ്മറ്റിക് ഐറ്റം എന്നിവയായിരുന്നു. ഇവയിലേക്കും തീ ആളിപ്പടർന്നു. അതേസമയം, ബൈക്കിൽ ഇടിച്ച ബൊലേറോ നിറുത്താതെ പോയി.