കൊറോണ വൈറസ് ഭീതി മൂലം ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമായ പാരീസിലെ ‘ലൂവ്രെ’ അടച്ചു. മുന്നൂറോളം ജോലിക്കാര്‍ ഇന്നലെ രാവിലെ യോഗം ചേരുകയും തുറക്കരുതെന്ന് ‘ഏകകണ്ഠമായി’ വോട്ട് ചെയ്യുകയുമായിരുന്നു.

മധ്യ പാരീസിലെ സീൻ നദിയുടെ തീരത്തിനടുത്തുള്ള ലൂവ്രെ കഴിഞ്ഞ വർഷം മാത്രം 9.6 ദശലക്ഷം സന്ദർശകരെയാണ് ആകര്‍ഷിച്ചത്. അവരിൽ ഭൂരിഭാഗവും അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മ്യൂസിയം അടച്ചിടുകയാണെന്ന് സ്ഥിരീകരിച്ച ലൂവ്രെ മാനേജ്മെന്റ് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് അറിയിച്ചു. എപ്പോള്‍ തുറക്കുമെന്നത് സാഹചര്യം മാറുന്ന മുറയ്ക്ക് അറിയിക്കാം എന്നാണു പറയുന്നത്.

അതേസമയം, കൊറോണയെ ചെറുക്കാന്‍ ഫ്രാന്‍സ് വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അയ്യായിരത്തിലധികം ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്. ലൂവ്രേയില്‍ എല്ലാ ദിവസവും അയ്യായിരത്തിലധികം ആളുകള്‍ വന്നു പോകാറുണ്ട്. ജോലിക്കെത്തണമെങ്കില്‍ സുരക്ഷ മ്യൂസിയം മാനേജ്മെന്റ് ഉറപ്പു വരുത്തണം എന്നതായിരുന്നു ജീവനക്കാര്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം. ക്യാഷ് കൌണ്ടറിനു മുന്നില്‍ പ്രത്യേക ജാലകങ്ങള്‍ സ്ഥാപിക്കണം, ഹാൻഡ് സാനിറ്റൈസിംഗ് ജെൽ എല്ലാവര്‍ക്കും നല്‍കണം തുടങ്ങി പല കാര്യങ്ങളും അവര്‍ ഉന്നയിച്ചു. ജീവനക്കാരുടെ ആശങ്ക പരിഹരിക്കുന്ന തരത്തില്‍ ഇടപെടാന്‍ മാനേജ്മെന്റിന് കഴിയാതെ വന്നതോടെയാണ് അടച്ചിടാന്‍ തീരുമാനമായത്.