തെന്നിന്ത്യൻ സിനിമയുടെ സ്വപ്ന റാണിയായി മാറിയ മാധവിയെ അത്ര വേഗമൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ആകാശദൂതിലെ ആനിയായി അന്നും ഇന്നും കണ്ണു നിറയിക്കുകയാണ് മാധവി. മലയാളികളുടെ ഉണ്ണിയാർച്ചയ്ക്കും മാധവിയുടെ മുഖമാണ്.

ഒരുകാലത്ത് മലയാള സിനിമയില്‍ പൊതുവേയുള്ള ഒരു അന്ധവിശ്വാസമായിരുന്നു മാധവി ഒരു ഭാഗ്യമില്ലാത്ത നായികയാണ് എന്നുള്ളത്. മാധവി അഭിനയിച്ച ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വിജയം കൊണ്ടു വരില്ല എന്നായിരുന്നു സിനിമാക്കാരുടെ ചിന്ത. എന്നാല്‍ ഈ വിശ്വാസത്തെ പൊളിച്ചെഴുതി കൊണ്ടാണ് ‘ആകാശദൂത്’ എന്ന ചിത്രം മലയാള സിനിമയില്‍ ചരിത്ര വിജയമായത്. പിന്നാലെ വിജയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും നായികമാരുടെ പതിവ് രീതി പോലെ വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും മറയുകയായിരുന്നു മാധവി.

എന്നാൽ, മറ്റുനായികമാരെ പോലെ വീട്ടമ്മയായി ഒതുങ്ങിയില്ല മാധവി. ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം അമേരിക്കയിലെ ന്യൂ ജഴ്‌സിയിലാണ് മേധാവി താമസം. വെറും ജീവിതമല്ല, അത്യാഢംബര ജീവിതം തന്നെയാണ് ബിസിനസുകാരനായ ഭർത്താവ് മാധവിക്കായി ഒരുക്കിയത്.

44 ഏക്കർ സ്ഥലത്ത് മൂന്നു പെൺമക്കൾക്കും ഭർത്താവിനുമൊപ്പം ബംഗ്ലാവിലാണ് മാധവിയുടെ താമസം. വിവിധയിനം പക്ഷികളും, മൃഗങ്ങളുമെല്ലാം ഈ 44 ഏക്കർ വളപ്പിലുണ്ട്. മാത്രമല്ല, വിവാഹ ശേഷം വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമായി വിമാനവും മാധവി സ്വന്തമാക്കി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ മാധവി വിമാനം ഓടിക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധ നേടിയിരുന്നു.

വളരെ നാടകീയമായിരുന്നു മാധവിയുടെ വിവാഹവും. കുടുംബത്തിന്റെ ഗുരുവായ സ്വാമിരാമ ഗുരുവിന്റെ നിർദേശ പ്രകാരമാണ് ഇന്ത്യയിലും ജർമനിയിലും വേരുകളുള്ള റാൽഫ് ശർമ്മയെ നടി വിവാഹം ചെയ്തത്. തന്റെ ഹിന്ദു ആത്മീയഗുരു സ്വാമിരാമയുടെ അനുയായികളിലൊരാളായ റാൽഫ് ശർമ എന്ന ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനെയാണ് മാധവി വിവാഹം ചെയ്തത്. റാൽഫ് തന്റെ ഗുരു സ്വാമിരാമനെ ഇരുപത്തിമൂന്നാം വയസ്സിൽ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് ആൻഡ് ഫിലോസഫിയിൽ വച്ച് കണ്ടുമുട്ടിയിരുന്നു. മാധവി ആദ്യമായി ഗുരു സ്വാമിരാമനെ കണ്ടത് 1995ലാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് 1996 ഫെബ്രുവരി 14 ന് ഇരുവരും വിവാഹിതരായത്.

1962ൽ ഹൈദരാബാദിൽ ജനിച്ച മാധവി 1976-ൽ പുറത്തിറങ്ങിയ ‘തൂർപു പഡമര’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. 17 വർഷത്തോളമുള്ള തന്റെ അഭിനയ ജീവിതത്തിൽ തെലുഗു, തമിഴ്, മലയാളം, കന്നട ചിത്രങ്ങൾക്ക് പുറമേ ഹിന്ദി, ബംഗാളി, ഒറിയ ചിത്രങ്ങളിലും മാധവി അഭിനയിച്ചു.

അതേസമയം, ചെറുപ്പം മുതൽ ആത്മീയതയോട് വളരെയധികം ചേർന്ന് നിൽക്കുന്ന മാധവി ആന്ധ്രയിൽ ഒരു വാർധക്യ ഭവനം പണിയാനുള്ള തയ്യാറെടുപ്പിലാണ്. അതും കുടുംബ ഗുരുവിന്റെ പേരിലാണ്. അതോടൊപ്പം, ഇനിയൊരിക്കലും സിനിമയിലേക്ക് മടങ്ങി വരില്ലെന്ന് ഉറച്ച് തീരുമാനിച്ചിട്ടുമുണ്ട് താരം. 1976 മുതൽ 1996 വരെ ഏകദേശം മുന്നോറോളം ചിത്രങ്ങളിൽ മാധവി വേഷമിട്ടിരുന്നു. മലയാള സിനിമയിലായിരുന്നു നടിക്ക് ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമെല്ലാം നായികയായി മാധവി വേഷമിട്ടിരുന്നു.