സ്വന്തം ലേഖകൻ

ജേണലിസ്റ്റായ ലൈറയുടെ കൊലപാതകത്തോട് അനുബന്ധിച്ച് ലണ്ടൻ ഡെറിയിൽ നടത്തിയ വിശദമായ തിരച്ചിലിൽ കണ്ടെത്തിയ തോക്ക് തിരിച്ചറിഞ്ഞു. നോർത്ത് അയർലൻഡ് പോലീസ് സർവീസ് പ്രാഥമിക പരിശോധനകൾക്കു ശേഷം തോക്ക് ഹമ്മർലി എക്സ്-എസ്സെ പിസ്റ്റൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 29 കാരിയായ മിസ്സ് മക്കീ 2019ൽ സിറ്റി ക്രെഗ്ഗൻ ഏരിയയിൽ ഉണ്ടായ പ്രശ്നത്തിലാണ് കൊല്ലപ്പെട്ടത്. ഫോറൻസിക് അന്വേഷണങ്ങൾ നടന്നു വരികയാണ്. ഡെറി ഏരിയയിൽ 38 ഏക്കറോളം സ്ഥലത്ത് പോലീസ് നടത്തിയ രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനയിലാണ് ഒരു ബോംബും പിസ്റ്റളും കണ്ടെത്തിയത്. ലാറയുടെ പങ്കാളിയെയും കുടുംബത്തെയും വിവരമറിയിച്ചിട്ടുണ്ട്. മുൻപ് 52 കാരനായ പോൾ മക്ലൻടയറിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അയാൾ കൊല നടത്തിയ കാര്യം നിഷേധിച്ചിരുന്നു.

ഡിപ്പാർട്ട്മെന്റ് സൂപ്രണ്ട് ആയ ജയ്സൺ മർഫി പറയുന്നു ” അന്വേഷണത്തിൽ കണ്ടെത്തിയ തോക്ക്, അതിലെ തിരകൾ, പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവയെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വെടിയുതിർത്തപ്പോൾ തോക്ക് ജാം ആയിരിക്കാം. തോക്കിന്റെ പുറത്ത് ഭാഗങ്ങളെ പറ്റി മാത്രമല്ല ആന്തരിക ഭാഗങ്ങളെ പറ്റിയും അന്വേഷണം നടത്താൻ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉള്ളിലെ മെക്കാനിസത്തെ പറ്റിയും ഫോറൻസിക് അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 18 മുതൽ സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. കൊലപാതകം നടത്തിയവരെ എന്തായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും എന്ന കാര്യം ഉറപ്പാണ്.”

തോക്ക് കണ്ടെത്തിയതു തന്നെ അന്വേഷണത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവാണ്. വെടിവച്ച ശേഷം തോക്ക് കാണാതെ പോയതും സംശയത്തിന് ബലം കൂട്ടുന്നു. മറ്റാരുടേയും സഹായമില്ലാതെ കൊലപാതകിക്ക് ഹൗസിംഗ് ഏരിയയുടെ 250 യാർഡ് പരിധിയിൽ തോക്ക് കുഴിച്ചിടാൻ സാധ്യമല്ല, കൊലപാതകത്തിന് സഹായിച്ച മറ്റ് പ്രതികളുടെ സാന്നിധ്യമാണ് ഇവിടെ വ്യക്തമാകുന്നത്. പൊതുജന പങ്കാളിത്തത്തോടെ എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ ആകും എന്നാണ് പ്രതീക്ഷ.

ലൈറ മക്കീയുടെ പങ്കാളിയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവളുടെ മരണവുമായി പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. ലൈറയുടെ കൊലപാതകവുമായി ബന്ധമുള്ള വ്യക്തികൾക്കു ചുറ്റും അവരറിയാതെ വല മുറുകിക്കൊണ്ടിരിക്കുകയാണെന്നും, അവർ ഉടൻ തന്നെ പിടിയിലാകും എന്നും പോലീസ് പറഞ്ഞു.