മാക്ഫാസ്റ്റിലെ എൻ എസ് എസ് യൂണിറ്റും രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിയുമായി കൈകോർത്തു ഒരുക്കുന്ന രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് ജൂലൈ 24 -ന് 10- മണിക്ക് മാക്ഫാസ്റ്റ് കോളേജിൽ നടത്തപ്പെടും

രക്തമൂലകോശ ദാനം (Blood Stem Cell Donation) രക്തദാനം പോലെ എളുപ്പവും സുരക്ഷിതവുമാണ്. രക്തദാനത്തിനു രക്ത ഗ്രൂപ്പ് നോക്കും പോലെ രക്തമൂലകോശ ദാനം ചെയ്യാൻ HLA Typing എന്ന ടെസ്റ്റ് ആണ് വേണ്ടത്. കുടുംബത്തിന് പുറമെ നിന്നും HLA Match ലഭിക്കാൻ ഉള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെ ആണ്. തന്നെയുമല്ല ഇന്ത്യയിൽ നിന്നും നാലര ലക്ഷത്തോളം ആളുകൾ മാത്രമാണ് ഇങ്ങനെയുള്ള രജിസ്ട്രേഷൻ ചെയ്തിട്ടുള്ളൂ എന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള രോഗികൾക്ക് സാമ്യമുള്ള ദാതാവിനെ കണ്ടെത്തുവാൻ ഉള്ള സാദ്ധ്യത കുറയുന്നു.

 

രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യുവാൻ വളരെ എളുപ്പമാണ്. 18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. രക്തമൂലകോശ ദാനം എങ്ങനെ എന്നു മനസ്സിലാക്കിയതിനു ശേഷം സന്നദ്ധരായവർക്ക് അണുവിമുക്തമാക്കിയ പഞ്ഞി ഉൾക്കവിളിൽ ഒന്ന് ഉരസി എടുക്കുന്ന കോശങ്ങൾ കൊടുത്തു ദാതാവായി രജിസ്റ്റർ ചെയ്യാം. സാമ്പിൾ കോശങ്ങളുടെ HLA Typing Test ചെയ്തു റിപ്പോർട്ട് രജിസ്റ്ററിയിൽ സൂക്ഷിക്കുന്നു. ഒന്ന് മുതൽ രണ്ട് മാസം വരെ സമയം വേണം HLA ടൈപ്പിംഗ് പരിശോധനാ ഫലം ലഭിക്കുവാൻ.

ഒരു രോഗിക്കായി യോജിച്ച ദാതാവിനെ ലഭിച്ചാൽ രജിസ്റ്ററിയിൽ നിന്നും ദാതാവിനെ അറിയിക്കുന്നു, ദാതാവിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി, കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം 5 ദിവസം ഓരോ ഇഞ്ചക്ഷനു വീതം (മൂലകോശങ്ങൾ രക്തത്തിലേക്ക് വരുന്നതിനായി) നൽകുന്നു. അഞ്ചാം നാൾ മൂലകോശങ്ങളെ മാത്രം രക്തത്തിൽ നിന്നും വേർതിരിച്ച്‌ ദാനം ചെയ്യാം. രക്തദാനത്തിലേത് പോലെ രക്തമൂലകോശ ദാനത്തിനു ശേഷം ദാതാവിനു ഉടൻ തിരിച്ചു പോകാം. ശേഖരിച്ച രക്തമൂലകോശങ്ങൾ രോഗിയെ ചികിൽസിക്കുന്ന ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നടത്തുന്നു.

5 നിമിഷങ്ങൾ ചിലവഴിച്ചാൽ നിങ്ങൾക്കൊരു രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യാം. ശേഷം നിങ്ങളൊരു സാമ്യം ആയാൽ, കുറച്ചു മണിക്കൂറുകൾ ചിലവഴിച്ചാൽ രക്തമൂലകോശങ്ങൾ ദാനം നൽകി ഒരു ജീവൻ രക്ഷിക്കാം.

*പ്രായ പരിധി: 18 – 50 വയസ്സ്*

*NB: മുൻപ് രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല*

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:

*ദാത്രി*: +91 96450 78285 (www.datri.org)