ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ നാവികനെ മോചിപ്പിക്കാനായി ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനെ തുടർന്ന് മുംബൈയിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി സംഘം. മഹാരാഷ്ട്രയിലെ പാൽഗറിൽ വെച്ചാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് വ്യക്തമായതോടെ തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊന്നത്. സൂരജ് കുമാർ ദുബെയാണ് (26) കൊല്ലപ്പെട്ടത്. പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നു. പിന്നീട് മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

വെള്ളിയാഴ്ചയാണ് 90 ശതമാനം പൊള്ളലേറ്റനിലയിൽ സൂരജിനെ പ്രദേശവാസികൾ കണ്ടെത്തിയത്. കോയമ്പത്തൂരിലെ ഐഎൻഎസ് അഗ്രാണി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനത്തിലുണ്ടായിരുന്ന സൂരജ് നിലവിൽ അവധിയിലായിരുന്നു.

സ്വദേശമായ റാഞ്ചിയിൽ നിന്നും ജനുവരി 30ന് ചെന്നൈ വിമാനത്തിൽ ഇറങ്ങിയ സൂരജിനെ ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ടു പോയെന്നാണ് പോലീസ് പറയുന്നത്. മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം സൂരജിനെ വിട്ടുനൽകാൻ 10 ലക്ഷം രൂപ കുടുംബത്തോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസം ചെന്നൈയിൽ തടവിൽ പാർപ്പിച്ച സൂരജിനെ പിന്നീട് പാൽഗറിലെ വനപ്രദേശമായ ഗോൽവാഡിൽ എത്തിക്കുകയായിരുന്നു.

പിന്നീട് പണം ലഭിക്കാത്തതിനെ തുടർന്ന് മണ്ണെണ്ണ ഒഴിച്ചാണ് ഇയാളെ കത്തിച്ചത്. സൂരജിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗ്രാമീണരാണ് പോലീസിനെ വിവരമറിയിച്ചത്. സമീപത്തെ അശ്വിനി നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാൽഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.