ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഒക്ടോബറിലെ സ്കൂൾ അവധിയിൽ നിർണായക മാറ്റം. ഏകദേശം അഞ്ച് ദിവസം കൂടി അവധി നീളുമെന്ന് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ ഈ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം രക്ഷിതാക്കൾ. പുതിയ കണക്ക് അനുസരിച്ച് ഒക്ടോബർ 23 മുതൽ നവംബർ 3 വരെ അധിക അവധി ലഭിക്കും. സഫോക്കിലെ 32 സ്‌കൂളുകളുടെയും എസെക്‌സിലെ ഒരു സ്‌കൂളിന്റെയും ചുമതലയുള്ള യൂണിറ്റി സ്‌കൂൾ പാർട്‌ണർഷിപ്പി (യുഎസ്‌പി) ന്റേതാണ് നടപടി. കോവിഡ്-19 മൂലവും, തുടർച്ചയായി ഉണ്ടായ അധ്യാപക സമരങ്ങളും കാരണം ഇപ്പോൾ തന്നെ അധ്യേയന വർഷം നഷ്ടമായെന്നും, ഇനിയും അവധി കൂട്ടിയാൽ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്.

അതേസമയം, സ്കൂളിൽ വലിയൊരു തുക ഫീസായിട്ട് ഈടാക്കുന്നുണ്ടെന്നും, അത് അടയ്ക്കുകയും അതിനു പുറമെയുമാണ് ഇപ്പോൾ അവധിയും പ്രഖ്യാപിച്ചിരിക്കുന്നതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഇതുമൂലം വലിയൊരു തുക ചെലവ് വരുമെന്നും ഒരുകൂട്ടം രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികളെ നോക്കാനായി അവധി എടുത്താൽ ശമ്പളം എങ്ങനെ ലഭിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ, മതിയായ അവധി ദിനങ്ങൾ എല്ലാ ജോലി സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും, അത് തൊഴിൽ ചെയ്യുന്നവർ ഉപയോഗിക്കാൻ തയാറാകണമെന്നുമാണ് യുഎസ് പി വക്താവ് പറയുന്നത്. അനുദിനം ജീവിത ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ, ജോലിയിൽ നിന്ന് അവധി എടുത്ത് വിദ്യാർത്ഥികളെ നോക്കണം എന്നു പറയുന്നത് ശരിയല്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അവധി സംബന്ധിച്ച് ഔദ്യോഗികമായി നടത്തിയ ചർച്ചയിൽ നിന്ന് 2,300-ലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിൽ ഭൂരിപക്ഷം ആളുകളും അവധിയെ അനുകൂലിക്കുന്നവരാണ്. അതായത് ഏകദേശം 82 ശതമാനത്തിലധികം ആളുകൾ യു എസ് പിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഒരേസമയം കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയാണ് മാതാപിതാക്കളിൽ ഏറെയും പങ്കുവയ്ക്കുന്നത്. അവധി ദിവസങ്ങളെ അനുകൂലിച്ചു പ്രതികരണം നടത്തിയ രക്ഷിതാക്കൾ പോലും ഇക്കാര്യത്തിൽ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്