മലപ്പുറം കോട്ടയ്ക്കലില്‍ ട്രാന്‍സ്‍ജെന്‍ഡറിന് നേരെ ക്രൂര മര്‍ദ്ദനം. ഞായറാഴ്ച രാത്രി എട്ടുമണിക്ക് ടൗണില്‍ ഭക്ഷണം കഴിക്കാനെത്തിയ ലയക്കും സുഹൃത്തിനും നേരയാണ് മര്‍ദ്ദനം. ലയയുടെ അയല്‍വാസിയായ ഷിഹാബാണ് ഇരുവരേയും മര്‍ദ്ദിച്ചത്. തന്‍റെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ഷിഹാബിനോട് താനൊരു ട്രാന്‍സ്‍ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ഇയാള്‍ ആക്രമിക്കാന്‍ തുടങ്ങിയെന്ന് ലയ പറയുന്നു.

വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നീയൊരു ട്രാന്‍സ്‍ജെന്‍ഡറാണെങ്കില്‍ ലിംഗം കാണിക്കാനും ഇയാള്‍ ആവശ്യപ്പെട്ടതായി ലയ പറയുന്നു. അയല്‍ക്കാരനായ ഷിഹാബുദ്ദീന്‍ ഇതാദ്യമായല്ല തന്നെ ആക്രമിക്കുന്നതെന്നും ലയ വെളിപ്പെടുത്തി. കറിയെടുത്ത് തലയില്‍ ഒഴിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇതിന് മുമ്പ് ചെയ്തിട്ടുണ്ട്.

ആണായിട്ട് ജീവിക്കാന്‍ പറ്റുമെങ്കില്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ ഇവിടം വിട്ട് പോകണമെന്നും ആവശ്യപ്പെട്ട് ഷിഹാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ലയ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഷിഹാബുദ്ദീന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ഇതിന് വിസമ്മതിച്ചത് ഇയാളെ പ്രകോപിച്ചതായും ലയ പറയുന്നു.

നടു റോഡില്‍ വെച്ച് ആക്രമിക്കപ്പെട്ട താന്‍ ഒരു ഓട്ടോയില്‍ കയറി പൊലീസ് സ്റ്റേഷനിലേക്ക് പോയെന്നും എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് ഓട്ടോക്കാരനെ ഷിഹാബുദ്ദീന്‍ ഭീഷണിപ്പെടുത്തിയതായും ലയ പറയുന്നു. ഷിഹാബുദ്ദീനെതിരെ ഇതിന് മുന്‍പ് രണ്ടു പ്രാവശ്യം കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ലയ പരാതി നല്‍കിയിരുന്നു.

വെള്ള പേപ്പറില്‍ പരാതി എഴുതി വാങ്ങുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിട്ടില്ല. ഇന്നലെത്തെ ആക്രമണത്തെ തുടര്‍ന്ന് ലയ വീണ്ടും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. പൊലീസുകാരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമായിരുന്നു എന്നും ലയ കൂട്ടിച്ചേര്‍ത്തു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാണ്