ഒമ്പത് വര്ഷങ്ങളുടെ വിളക്കുകൾക്കു ശേഷം സംവിധായകന്‍ വിനയന്‍ സിനിമയിലേക്ക് തിരിച്ചുവരുകയാണ്. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിനയന്‍.

വിലക്ക് നേരിട്ട സമയത്ത് കൂടെ നിന്ന വ്യക്തിയാണ് നടന്‍ തിലകന്‍ എന്ന് വിനയന്‍ പറയുന്നു. അദ്ദേഹത്തെയും പരമാവധി താഴ്ത്തികെട്ടിയിരുന്നു. അത്ഭുത ദ്വീപില്‍ അഭിനയിക്കുന്ന സമയത്ത് പൃഥ്വിയ്ക്കും വിലക്കുണ്ടായിരുന്നു. നായകന്‍ പക്രുവാണെന്ന് കള്ളം പറഞ്ഞാണ് ജഗതിയുള്‍പ്പെടെയുള്ള താരങ്ങളുമായി കരാറിലേര്‍പ്പെട്ടത്. വിനയന്‍ പറഞ്ഞു

വിനയന്റെ വാക്കുകള്‍:

പൃഥ്വിരാജ് വളരെ ബോള്‍ഡായ ചെറുപ്പക്കാരനാണ്. അദ്ദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണ്. അത്ഭുതദ്വീപിന്റെ സമയത്ത് പൃഥ്വിരാജിനെതിരെ വിലക്കുണ്ടായിരുന്നു. പൃഥ്വി അഭിനയിക്കുന്ന പടങ്ങളില്‍ മറ്റുള്ളവര്‍ അഭിനയിക്കില്ല എന്ന അവസ്ഥ. പക്രു എന്ന അജയകുമാര്‍ ആണ് അത്ഭുതദ്വീപ് എന്ന സിനിമ ഉണ്ടാകാന്‍ കാരണക്കാരന്‍. അദ്ദേഹം പറഞ്ഞ ഒരു ആവശ്യത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ആശയം. ചിത്രത്തില്‍ നായകനായി എന്റെ മനസ്സില്‍ രാജു ആയിരുന്നു. അമ്പിളിച്ചേട്ടനെയാണ് ചിത്രത്തിലേക്ക് ആദ്യം വിളിക്കുന്നത്. ‘രാജു ആണ് നായകനെങ്കില്‍ പ്രശ്‌നമാണ്, രാജുവിന്റെ ഒപ്പം അഭിനയിക്കേണ്ട എന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പക്രുവാണ് നായകനെന്ന് പുറത്തു പറഞ്ഞാല്‍ മതിയെന്ന് കല്‍പന പറഞ്ഞു. ഞാന്‍ ചെറിയൊരു പ്ലേ നടത്തി എന്നുള്ളത് സത്യമാണ്. പക്രുവാണ് നായകനെന്ന് പറഞ്ഞു എല്ലാവരെയും കൊണ്ട് കരാര്‍ ഒപ്പു വയ്പ്പിച്ചു. പിന്നീട് പൃഥ്വിരാജാണ് നായകനെന്ന് അനൗണ്‍സ്‌മെന്റും നടത്തി. നേരത്തെ കരാര്‍ ഒപ്പു വച്ചതിനാല്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല. അങ്ങനെയാണ് ആ വിലക്ക് പൊളിക്കുന്നത്.

മുഖത്തു നോക്കി കാര്യങ്ങള്‍ വിളിച്ചു പറയുന്ന ആളായിരുന്നു തിലകന്‍. നിലപാടുകളുള്ള ആളായിരുന്നു. എന്നെ വിലക്കിയപ്പോള്‍ അദ്ദേഹമാണ് എന്നോട് പറഞ്ഞത് വിനയന്റെ പടത്തില്‍ എനിക്ക് അഭിനയിക്കണം എന്ന്. ഞാന്‍ വേഷം കൊടുത്തു. അദ്ദേഹം അഭിനയിച്ചു. ആരും അദ്ദേഹത്തോട് അഭിനയിക്കരുത് എന്നു പറഞ്ഞതുമില്ല. പക്ഷേ അദ്ദേഹം അഡ്വാന്‍സ് വാങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പോലുള്ള സിനിമകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. സോഹന്‍ റോയിയുടെ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അദ്ദേഹമായിരുന്നു അഭിനയിക്കേണ്ടത്. ഷൂട്ടിങ്ങിന്റെ തലേന്ന് കണ്ടപ്പോള്‍ അദ്ദേഹം സിനിമയിലെ ഇംഗ്ലീഷ് ഡയലോഗൊക്കെ എന്നെ പറഞ്ഞു കേള്‍പ്പിച്ചു.

പിറ്റേന്നാണ് തിലകന്‍ അഭിനയിച്ചാല്‍ ഫെഫ്കയിലെ ഒറ്റ ടെക്‌നീഷ്യന്മാരും സഹകരിക്കില്ല എന്ന അറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. അത് അദ്ദേത്തിന് വലിയ ഷോക്കായി. എന്തിനായിരുന്നു ഇവര്‍ അന്ന് അദ്ദേഹത്തോട് അങ്ങനെ ചെയ്തത് ? അന്ന് ഈ താരങ്ങള്‍ക്ക് ഉണ്ണിക്കൃഷ്ണനെ പോലുള്ളവരെ വിളിച്ച് തിലകനോട് അങ്ങനെ ചെയ്യരുത് എന്ന് പറയാമായിരുന്നല്ലോ? ഇയാളിലെ നടന്‍ മരിച്ചിരിക്കുന്നു എന്നാണ് അന്ന് അവര്‍ പറഞ്ഞത്.

അദ്ദേഹം പിന്നീട് സീരിയലില്‍ അഭിനയിക്കാന്‍ പോയി. അഡ്വാന്‍സ് മേടിക്കേണ്ട അന്ന് നിര്‍മാതാവ് വന്നു പറഞ്ഞു. ”ക്ഷമിക്കണം സാര്‍. താങ്കള്‍ അഭിനയിച്ചാല്‍ മറ്റു സീരിയല്‍ താരങ്ങള്‍ അഭനയിക്കില്ല എന്നാണ് പറയുന്നത്.” എന്നെ സിനിമയില്‍ അഭിനയിപ്പിക്കില്ല, ഇനി സീരിയലിലും അഭിനയിപ്പിക്കില്ല എന്നാണോ ? അദ്ദേഹം ചോദിച്ചു. സിംഹത്തെ പോലെ ഗര്‍ജിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് അന്നു ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. അന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് തോല്‍ക്കാന്‍ പറ്റില്ല, ഞാന്‍ നാടകം കളിക്കും എന്ന്. വിനയൻ പറഞ്ഞു നിർത്തി …..