സൂറിക്: പ്രവാസി മലയാളികൾ ലോകത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്‌ഥാനം കൈവരിക്കുന്നത് അപൂർവ്വമല്ല. എന്നാൽ ഒരു സർക്കാരിൻെറ മുഖം മിനുക്കാനായി പ്രസ് സെക്രെട്ടറിയായി ഒരു മലയാളി നിയമിതനാവുന്നത് ആദ്യമായാണ്. ഓസ്ട്രിയൻ ചാൻസലറുടെ പ്രസ് സെക്രട്ടറിയായി ഷിൽട്ടൻ ജോസഫ് പാലത്തുങ്കൽ (29) നിയമിതനായി. ഓസ്ട്രിയൻ സർക്കാരിൻെറ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികളിൽ പ്രവർത്തിച്ചുവരവെയാണ് ഓസ്ട്രിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഷാലൻ ബെർഗിന്റെ വക്താവായും, മീഡിയ വിഭാഗം തലവനുമായും ഷിൽട്ടന്റെ നിയമനം.

അഴിമതി ആരോപണങ്ങളെ തുടർന്ന് ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലറായിരുന്ന സെബാസ്റ്റിയൻ കുർസ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തിയത്. അഴിമതി ആരോപണങ്ങളിൽ മുഖം നഷ്‌ടമായ ചാൻസലർ ഓഫിസിന്റെ ഇമേജ് തിരിച്ചു പിടിക്കാൻ ഉദ്ദേശിച്ചാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ കൊണ്ടുവരുന്നത്.

ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമായ ഷിൽട്ടൻ ജനിച്ചതും വളർന്നതും വിയന്നയിലാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്‌ത സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം.