ന്യൂസ് ഡെസ്ക് മലയാളം യുകെ

ജീവിതം കരുപിടിപ്പിക്കാൻ ഉള്ളതെല്ലാം വിറ്റു പിറക്കി യുകെയിലെത്തിച്ചേർന്ന മലയാളി നേഴ്സുമാർ നേരിടുന്നത് സമാനതകളില്ലാത്ത ദുരന്ത ജീവിതം . യുകെയിലെത്താൻ 12.5 ലക്ഷം രൂപയിലധികമാണ് വിസയ്ക്കായി ഇവർ ഏജൻസിക്ക് നൽകിയത്. ഇതിൻറെ കടബാധ്യതയുള്ളതിനാൽ ഇവരിൽ പലർക്കും യുകെയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കൊച്ചിയിലെ ഏജൻസി വഴിയാണ് 400 മലയാളി നേഴ്സുമാർ യുകെയിലെത്തിയത്.

പലരും ദിവസവേതനത്തിന് പെയിൻറിങ്ങും പുല്ലു വെട്ടിയുമാണ് ജീവിതം തള്ളി നീക്കുന്നത്. വാടക പോലും നൽകാനാവാതെ വിഷമിക്കുന്ന പലരും ഫുഡ് ബാങ്കുകളിൽ നിന്നുള്ള ഭക്ഷണത്തിനെയാണ് നിലവിൽ ആശ്രയിക്കുന്നത്. മൂന്ന് ഘട്ടമായാണ് ഇവർ ഏജൻസിക്ക് പണം നൽകിയത്. ഉയർന്ന നികുതി ഒഴിവാക്കാൻ എന്ന് പറഞ്ഞ് പണം നേരിട്ട് ഏജൻസി മേടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . ഏജൻസി ഇവർക്ക് നൽകിയത് സന്ദർശക വിസയായിരുന്നു. 15 വയസ്സിൽ താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ ശുശ്രൂഷിക്കുന്ന ജോലിയായിരുന്നു ഏജൻസി ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്.

400 മലയാളി നേഴ്സുമാരെ ജോലി വാഗ്ദാനം ചെയ്ത് യുകെയിലെത്തിച്ച് വഞ്ചിച്ച സംഭവത്തിൽ അടിയന്തരമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യം മുൻനിർത്തി പ്രവാസി ലീഗൽ സെൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്ത് നൽകിയിരുന്നു. ഇതിനോടൊപ്പം പരിഹാരത്തിനായി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്ററിന്റെ കോ – ഓർഡിനേറ്റർ സോണിയ സണ്ണി പറഞ്ഞു.