മീന്‍ വില്‍പനക്കാരനായ മധ്യവയസ്‌കനെ ഇടുക്കിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. അറുപത്തെട്ടുകാരനായ അടിമാലി വാളറ സ്വദേശി എം. മക്കാറിനെയാണ് മര്‍ദ്ദിച്ചത്. മക്കാറിനെ ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് മൂന്നാര്‍ പൊലീസ് അറിയിച്ചു.

റിസോര്‍ട്ടിലേക്ക് മീന്‍ നല്‍കിയതിന്റെ ബാക്കി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ചംഗസംഘം മര്‍ദ്ദിച്ചത്. മീനുമായി വരുന്ന വഴിക്ക് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. റോഡിലിട്ട് ചവിട്ടുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോതമം?ഗലം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. പൊലീസിനെ അറിയിച്ചാല്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പൊലീസിനെ അറിയിക്കുമെന്ന് മക്കാറിനെ മര്‍ദ്ദകസംഘം ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് പത്താം മൈല്‍ ഇരുമ്പുപാലം മേഖലകളില്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 12 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. ഓട്ടോയും ടാക്‌സിയും പണിമുടക്കിയും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മാങ്കുളത്ത് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.