ലോകത്തെ അമ്പരപ്പിക്കുന്ന പ്രണയ സ്മാരകമാണ് യമുനാ നദിക്കരയിലെ താജ്മഹല്‍. മുംതാസിന് വേണ്ടി ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച അത്ഭുതസ്മാരകം.

‘നിനക്ക് വേണ്ടി ഞാനൊരു താജ്മഹല്‍ പണിയും..’ എന്ന് തമാശ രൂപേണ പരസ്പരം പറയാത്ത പങ്കാളികളും കുറവായിരിക്കും. എന്നാല്‍ അങ്ങനെയൊരു ‘താജ്മഹല്‍ 2.0’തന്റെ ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുകയാണ് ഒരു ഭര്‍ത്താവ്.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലെ ആനന്ദ് ചോക്ലയാണ് താജ്മഹല്‍ മാതൃകയില്‍ ഭാര്യക്കായി വീടൊരുക്കിയത്. നാല് കിടപ്പുമുറികള്‍ അടങ്ങിയ വീട് പണിയാന്‍ മൂന്നുവര്‍ഷമെടുത്തു.

ബംഗാളിലെയും ഇന്‍ഡോറിലെയും ശില്പികളെ വരുത്തിയാണ് പണി പൂര്‍ത്തിയാക്കിയത്. ശ്രദ്ധാകേന്ദ്രമാവുകയാണ് ഈ താജ്മഹല്‍ 2.0.

യഥാര്‍ഥ താജ്മഹലിനെ കുറിച്ച് നന്നായി പഠിച്ച ശേഷമാണ് ഇത്തരമൊന്ന് പണിയാന്‍ തീരുമാനിച്ചതെന്ന് വീട്ടുടമ പറയുന്നു. 29 അടി ഉയരമാണ് വീടിന്. വലിയ ഹാള്‍, താഴത്തെ നിലയില്‍ രണ്ട് കിടപ്പുമുറി, മുകളില്‍ രണ്ട് കിടപ്പുമുറി, വായനശാല, പ്രാര്‍ഥനാ മുറി എന്നിവയും വീട്ടിലുണ്ട്. വീടിന്റെ അകം മനോഹരമാക്കാന്‍ രാജസ്ഥാനില്‍ നിന്നും മുംബൈയില്‍ നിന്നും കലാകാരന്‍മാരെ വരുത്തിയിരുന്നു.