ന്യൂസ് ഡെസ്ക് മലയാളം യുകെ

അനധികൃതമായ കടന്നുകയറ്റം ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനമാണ് എല്ലാ എൻഎച്ച്എസ് ആശുപത്രികളിലും ഒരുക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷയും അവരുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും എൻഎച്ച്എസ് ഹോസ്പിറ്റലിൽ സുരക്ഷാസംവിധാനങ്ങൾ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ സംരക്ഷിക്കുന്നതിനുള്ള സൈബർ സുരക്ഷയുടെ കാര്യത്തിലും വളരെ അധികം പ്രാധാന്യമാണ് എൻഎച്ച്എസ് നൽകുന്നത്.

എന്നാൽ എല്ലാ സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരാൾ അനധികൃതമായി പ്രവേശിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എൻഎച്ച്എസിന്റെ ഔദ്യോഗിക യൂണിഫോമിലാണ് 28 കാരനായ ലീ വുഡ്സ് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിച്ചത്. ഇയാൾ വ്യാജ ഐഡി കാർഡും കൈവശം വച്ചിരുന്നു. കുട്ടികളുടെ വാർഡിൽ അനധികൃതമായി പ്രവേശിച്ച ഇയാൾ ഹോസ്പിറ്റലിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം വരുത്തി എന്ന കുറ്റം കോടതിയിൽ സമ്മതിക്കുകയും ചെയ്തു.

റോയൽ ഹോസ്പിറ്റൽ ഫോർ ചിൽഡ്രൻ, ക്വീൻ എലിസബത്ത് മെറ്റേണിറ്റി യൂണിറ്റ്, രണ്ട് ആക്സിഡൻറ് എമർജൻസി യൂണിറ്റുകൾ എന്നിവ ചേരുന്നതാണ് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. സംഭവത്തെ തുടർന്ന് എൻഎച്ച് എസ് ആൻറി ഫ്രോഡ് ടീമിൽ നിന്നുള്ള ഒരു മുന്നറിയിപ്പ് സ്കോട്ട് ലൻഡിലെ 14 ഹെൽത്ത് ബോർഡുകളിലെ സുരക്ഷാ മേധാവികൾക്ക് നൽകപ്പെട്ടു കഴിഞ്ഞു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരോട് കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേഴ്സായി ആൾമാറാട്ടം നടത്തി ഹോസ്പിറ്റലിൽ പ്രവേശിച്ച ഇയാളുടെ ഉദ്ദേശം എന്തായിരുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ കഠിനധ്വാനം ചെയ്യുമെന്ന് എൻഎച്ച്എസ് വക്താവ് പറഞ്ഞു . കുറ്റം സമ്മതിച്ച പ്രതിയ്ക്കായുള്ള ശിക്ഷാവിധി ഫെബ്രുവരി അവസാനത്തേയ്ക്ക് മാറ്റി വച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനിടയ്ക്ക് സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്