നെല്ലിക്കുഴിയിൽ വെടിയേറ്റ് മരിച്ച മാനസയുടെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളെയാണ് ചോദ്യം ചെയ്യുന്നത്.നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിന് സമീപത്തെ ഒരു വീട്ടിലെ മുകളിലെ നിലയിലാണ് മാനസയും സുഹൃത്തുക്കളും താമസിച്ചിരുന്നത്.

ഉച്ചയോടെ മാനസയുടെ മുറിയിലെത്തിയ രാഹുൽ മാനസയുമായി ഒരു മുറിയിൽ നിൽക്കുന്നതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇവർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറ‍ഞ്ഞതെന്നാണ് സൂചന.

രാഖിൽ ഒരു മാസമായി നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മാനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായും വിവരം. മാനസ താമസിച്ച വീടിനു മുന്നിൽ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രാഖിൽ പറഞ്ഞിരുന്നത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരുവരും പരിചയപ്പെട്ടത് സമൂഹമാധ്യമത്തിലൂടെയാണ്. രാഖില്‍ മാനസയുമായി സൗഹൃദത്തിലായത് ഇന്‍സ്റ്റാഗ്രാമിലൂടെയെന്ന് ബന്ധുക്കള്‍. പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിഞ്ഞു. പൊലീസ് മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിച്ചിരുന്നുവെന്നും വിവരം. മാനസയെ രാഖിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിപ്പുറകിൽ വെടിയേറ്റ മാനസ ഉടൻ തന്നെ നിലത്തു വീണു.

രാഖിലും സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു. മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഹിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഖിൽ വീട്ടിലെത്തിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ പറയുന്നു. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.

മുറിയില്‍ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറയുന്നു.