യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നടക്കുന്ന ലണ്ടനിലെ കാര്‍ഡിഫ് സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ സന്നാഹം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മാഞ്ചസ്റ്ററില്‍ നടന്ന ഭീകരാക്രമണത്തില്‍ 22 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സുരക്ഷയുടെ ഭാഗമായി കാര്‍ഡിഫിലെ ഫൈനലിനു വേദിയാവുന്ന പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലെന്ന റെക്കോര്‍ഡ് ഇതോടെ ഈ മല്‍സരത്തിന്റെ പേരിലാവും. 74,500 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കാര്‍ഡിഫ് സ്റ്റേഡിയത്തിനുണ്ട്.

ഇന്ന് അര്‍ധരാത്രി 12.15നാണ് മത്സരം. 11 കിരീടങ്ങള്‍ ഇതിനകം തങ്ങളുടെ ഷെല്‍ഫിലെത്തിച്ച റയല്‍ 12ാം കിരീടമാണ് ലക്ഷ്യമിടുന്നതെങ്കില്‍ യുവന്റസ് സ്വപ്‌നം കാണുന്നത് മൂന്നാമത്തെ ട്രോഫിയാണ്. ആറു തവണയാണ് യുവന്റസിന് ഫൈനലില്‍ കാലിടറിയത്. കൂടുതല്‍ തവണ ഫൈനലില്‍ തോറ്റ ടീമും യുവന്റസ് തന്നെയാണ്.