സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി എന്‍സിപി സംസ്ഥാന നേതൃത്വവുമായി തര്‍ക്കങ്ങളില്ലെന്ന് ആവര്‍ത്തിച്ച് മാണി സി.കാപ്പന്‍. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചു. ജില്ലാനേതൃത്വവും സ്ഥാനാര്‍ഥിയായി തന്‍റെപേര് മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മാണി സി.കാപ്പന്‍  പറഞ്ഞു.

പാലായിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി. സി കാപ്പന്‍ തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. 28ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനിരിക്കെയാണ് മാണി.സി കാപ്പനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. പാലായില്‍ നിന്നല്ല പാര്‍ട്ടിക്കുള്ളിലും തനിക്കെതിരെ മറ്റൊരു പേര് ഉയര്‍ന്നിട്ടില്ലെന്ന് മാണി. സി കാപ്പന് ഉറപ്പുണ്ട്.

മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങള്‍ വോട്ടാക്കി മാറ്റുക തന്നെയാണ് ലക്ഷ്യം. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം ഗുണം ചെയ്യുമെന്നും പ്രതീക്ഷയുണ്ട്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ഡലത്തിലെയും ജില്ലയിലെയും പാര്‍ട്ടി ഭാരവാഹികളുടെ യോഗം പാലായില്‍ ചേര്‍ന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി അടുത്ത ആഴ്ച മുതല്‍ പാലായില്‍ ക്യാംപ് ചെയ്യും.