സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം; മഞ്ജുവിന്റെ പരാതിയിൽ ശ്രീകുമാര്‍ മേനോനെതിരെ കേസ്, ഓൺലൈൻ പത്രവും പ്രതിക്കൂട്ടിൽ

സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം; മഞ്ജുവിന്റെ പരാതിയിൽ ശ്രീകുമാര്‍ മേനോനെതിരെ കേസ്, ഓൺലൈൻ പത്രവും പ്രതിക്കൂട്ടിൽ
October 23 16:38 2019 Print This Article

മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ കൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്‍ അന്വേഷിക്കും. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നിങ്ങനെ മൂന്നു വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം.

ശ്രീകുമാർ മേനോൻ തന്നെയും തന്‍റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് മഞ്ജു വാര്യർ ഡിജിപി ലോക്നാഥ് ബെഹ്‌റ പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയർ പരാതിയിൽ പറയുന്നു. ക്രിമിനൽ കേസായതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്.

തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ പ്രമുഖ മാധ്യമപ്രവർത്തകനോടൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ‘നാരദാ ന്യൂസ്’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഉടമ മാത്യു സാമുവലിനെതിരെയും മഞ്ജു പരാതി നൽകിയിട്ടുണ്ട്. മാത്യു സാമുവലിന്റെ മാധ്യമം ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ പദ്ധതിയിട്ടതായും പരാതിയിൽ പറയുന്നുണ്ട്.

ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തുന്നതിന്റെയും മറ്റും ഓഡിയോ ക്ലിപ്പുകളും വീഡിയോ ക്ലിപ്പുകളും അടങ്ങിയ തെളിവുകൾ സഹിതമാണ് മഞ്ജു വാര്യർ പരാതി നൽകിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശ്രീകുമാർ മേനോന് നിയമപരമായി പ്രതികൂലമാകുന്നതരത്തിലുള്ള നിരവധി തെളിവുകൾ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് മഞ്ജു വാര്യർ പരാതി നൽകിയത്. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടർ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷം സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles