ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിവിധ സ്ഥലങ്ങളിലായി നവംബര്‍ 3 മുതല്‍ 7 വരെ തിയതികളില്‍ സന്ദര്‍ശനങ്ങള്‍ നടത്തും. യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബര്‍ 1ന് നടത്തിശേഷം ഇന്ത്യയിലേക്ക് മടങ്ങും വഴിയാണ് ഒരുമാസം മുമ്പു പിച്ചവെച്ചു തുടങ്ങിയ പുതിയ രൂപതയെയും സഭാംഗങ്ങളെയും കാണാന്‍ വലിയ ഇടയന്‍ വീണ്ടും എത്തുന്നത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടൊപ്പം സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വിവിധ സ്ഥലങ്ങളിലെത്തും. നവംബര്‍ 3ന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മാര്‍ ആലഞ്ചേരി വൈകിട്ട് 6.30ന് പ്രസ്റ്റണിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി വിശ്വാസികളോട് സംസാരിക്കും. 4-ാം തിയതി രാവിലെ 11 മണിക്ക് യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങള്‍ക്കു നേതൃത്വം നല്‍കുകയും അവര്‍ക്കായി ദിവ്യബലിയര്‍പ്പിക്കുകയും ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

1

തുടര്‍ന്ന് അന്ന് വൈകിട്ട് ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ വൈകിട്ട് 6.30നും 5-ാം തിയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ലണ്ടന്‍ ഔവര്‍ ലേഡി ഇമ്മാക്കുലേറ്റ് ദേവാലയത്തിലും 5-ാം തിയതി തന്നെ വൈകിട്ട് 7 മണിക്ക് ബ്രിസ്റ്റോള്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തിലും 6-ാം തിയതി ഉച്ചയ്ക്ക് 2 മണിക്ക് മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തിലും 6-ാം തിയതി തന്നെ വൈകിട്ട് 6 മണിക്ക് സ്റ്റോക് ഓണ്‍ ട്രെന്റ് ഹോളി ട്രിനിറ്റി ദേവാലയത്തിലും ദിവ്യബലികള്‍ അര്‍പ്പിച്ച് ആരാധനാസമൂഹത്തോട് സംസാരിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനു ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം എന്ന നിലയിലും സഭാതലവനും രൂപതാധ്യക്ഷനും ഒരുമിച്ച് എത്തുന്നു എന്ന സവിശേഷതയാലും വിശ്വാസികള്‍ വളരെ ആവേശത്തോടും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ഒരുക്കത്തോടും കൂടിയാണ് ഈ പുണ്യദിവസങ്ങള്‍ക്ക് കാത്തിരിക്കുന്നത്. അഭിവന്ദ്യ പിതാക്കന്‍മാര്‍ പങ്കെടുക്കുന്ന ഓരോ ദിവസത്തെ പരിപാടികളും ക്രമീകരിക്കുന്നത് രൂപതയുടെ പുതിയ വികാരി ജനറാള്‍മാരായി നിയമിതരായിരിക്കുന്ന വെരി റവ. ഫാ. തോമസ് പാറയടിയില്‍. ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ.മാത്യു ചൂരപ്പൊയ്കയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് രൂപതാധ്യക്ഷന്റെയും വികാരി ജനറാള്‍മാരുടെയും ആശീര്‍വാദത്തോടെ അതാതു വി.കുര്‍ബാന കേന്ദ്രങ്ങളിലെ വൈദികരും കമ്മിറ്റിയംഗങ്ങളും ഇടവകാംഗങ്ങളും വലിയ ഇടയന്റെ വരവിനും അനുഗ്രഹപൂര്‍ണ്ണമായ വാക്കുകള്‍ക്കുമായി കാത്തിരിക്കുകയാണ്.

3-ാം തിയതി മുതല്‍ 6-ാം തിയതി വരെ 7 വിവിധ സ്ഥലങ്ങളിലായി അര്‍പ്പിക്കപ്പെടുന്ന ഈ കുര്‍ബാനകളില്‍ സമീപപ്രദേശങ്ങിലും രൂപതകളിലുമെല്ലാമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. ഏതായാലും മെത്രാഭിഷേകത്തിലൂടെയും രൂപതാ സ്ഥാപനത്തിലൂടെയും ലഭിച്ച വലിയ ദൈവാനുഗ്രഹത്തിന്റെ തുടര്‍ച്ചയാണ് ഒരുമാസം തികയുന്നതിനു മുമ്പുതന്നെ സഭാത്തലവന്‍ വീണ്ടുമെത്തുന്നത്. എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.