കതിര്‍മണ്ഡപത്തിലിരിക്കെ വരന്‍ മുഹൂര്‍ത്തസമയത്തു അലറി ബഹളം വച്ചു പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്നു വിവാഹം അലങ്കോലമായി. വിതുരയിലെ പ്രമുഖ കല്യാണമണ്ഡപത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. വധുവിനെ മണ്ഡപത്തിലേക്കു വരവേല്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവം.

വരന്‍ പൂക്കള്‍ വാരിവിതറുകയും അട്ടഹസിക്കുകയും ചെയ്‌തെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നു വിവാഹത്തിനെത്തിയ അതിഥികള്‍ കാര്യമറിയാതെ പരിഭ്രമത്തിലായി. വിവാഹം അലങ്കോലപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബന്ധുക്കള്‍. തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ ഉടന്‍ തന്നെ വിതുര പോലീസില്‍ പരാതി നല്‍കി. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിലെത്തി കാര്യങ്ങള്‍ തിരക്കുകയും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ ഇരുവീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തില്‍ നിന്നും പിന്മാറാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചെന്നും പോലീസ് അതിനെ പിന്തുണച്ചെന്നും വിതുര എസ്‌ഐ എസ്എല്‍ പ്രേംലാല്‍ പറഞ്ഞു.