ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വെസ്റ്റ് യോർക്ക്ഷയറിലെ വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന മലയാളിയായ ബിനോ ജോസഫിന്റെ അമ്മ മേരി ജോസഫ് (88) പ്രായത്തെ വെല്ലുവിളിച്ച് കേരള സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടവുമായി ശ്രദ്ധേയയായി. കണ്ണൂർ പേരാവൂർ കുളക്കാട്ട് സ്വദേശിനിയായ നരിമറ്റത്തിൽ മേരി ജോസഫ് സെപ്റ്റംബർ 12, 13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന 45-ാമത് കേരള സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിലാണ് ആദ്യമായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യ മത്സരത്തിൽ തന്നെ ഷോട്ട്പുട്ടിലും 100 മീറ്റർ ഓട്ടത്തിലും സ്വർണമെഡൽ നേടിയ മേരി ജോസഫ്, ജാവലിൻ ത്രോയിൽ വെള്ളിമെഡലും കരസ്ഥമാക്കി. ജീവിതത്തിൽ ആദ്യമായാണ് ഒരു അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതെങ്കിലും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചത്. 88-ാം വയസ്സിൽ സംസ്ഥാനതല വേദിയിൽ മെഡൽ നേട്ടം സ്വന്തമാക്കിയ മേരി കായികപ്രേമികളുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.

കായിക താരമായ മകൾ യെമ്മ തോമസിന്റെയും കുടുംബാംഗങ്ങളുടെയും സ്നേഹപൂർവമായ നിർബന്ധത്തെ തുടർന്നാണ് മേരി മത്സരരംഗത്തേക്ക് എത്തിയത്. രാജ്യാന്തര ലോങ് ജംപ് താരം അഞ്ജു ബോബി ജോർജിന്റെ നാട്ടിൽ നിന്നുള്ള മേരി ജോസഫിന്റെ നേട്ടം മലയോര മേഖലയ്ക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ്. പ്രായം ഒരിക്കലും സ്വപ്നങ്ങൾക്കും നേട്ടങ്ങൾക്കും തടസമല്ലെന്ന സന്ദേശമാണ് മേരി ജോസഫിന്റെ വിജയം നൽകുന്നത്.