സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മറിയം പറഞ്ഞു. ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ. അപ്പോള്‍ ദൂദന്‍ അവളുടെ അടുക്കല്‍ നിന്നും പോയി. പരിശുദ്ധ കന്യക’ നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്നു പറഞ്ഞ വാക്കുകളാണ് ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യപൂര്‍ണ്ണമായ പ്രവര്‍ത്തി. അതു വഴി മേരി എല്ലാ മനുഷ്യരേയും ദൈവമക്കളുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേയ്ക്കവരോധിച്ചു. കന്യകാമറിയം മനുഷ്യാവതാരരഹസ്യത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തോടു കൂടി സമ്മതം നല്‍കി പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. രക്ഷണീയ കര്‍മ്മം മനുഷ്യാവതാരം വഴി ദൈവവുമായി മര്‍ത്യ വംശത്തെ ഐക്യപ്പെടുത്തുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവത്തിന് മനുഷ്യ സ്വഭാവം നല്‍കുവാന്‍ പരിശുദ്ധ കന്യക സമ്മതം നല്‍കിയപ്പോള്‍ മിശിഹാ വഴിയായിട്ടുള്ള രക്ഷാകര്‍മ്മം പ്രോത്ഘാടിതമായി. ‘നാഥേ, നീ സമ്മതിക്കുമെങ്കില്‍ രക്ഷപ്രാപിക്കും’. എന്ന് വി. ബര്‍ണാര്‍ദ് പ്രസ്താവിച്ചിരുന്നു. പരി. കന്യകയെപ്പോലെ നാമും ദൈവ തിരുമനസ്സിന് വിധേയരായി വര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായി തീരുന്നു. അപ്പോഴാണ് സ്വാതന്ത്ര്യം സുരക്ഷിതമാകുന്നത്.

പ്രാര്‍ത്ഥന.
ദൈവമാതാവായ പരിശുദ്ധ കന്യകയെ, അവിടുന്ന് ദൈവദൂതന്റെ സന്ദേശത്തിന് നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്ന വാക്കുകളിലൂടെ മനുഷ്യാവതാര രഹസ്യത്തിന് സമ്മതം നല്‍കി മനുഷ്യവര്‍ഗ്ഗത്തിന്റെ പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. സ്വാതന്ത്ര്യ ദുര്‍വിനിയോഗത്താല്‍ നാശഗര്‍ത്തത്തില്‍ നിപതിച്ച മാനവരാശിയെ അവിടുന്നു സ്വതന്ത്ര്യം ശരിയായി വിനിയോഗിച്ച് കൊണ്ടു രക്ഷിച്ചു. ഞങ്ങള്‍ ദൈവമക്കളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് ഞങ്ങളുടെ സ്വാതന്ത്ര്യര്യത്തെ ശരിയായി വിനിയോഗിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ.. ഞങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് അവിടുത്തെ തിരുക്കുമാരനെ ദ്രോഹിക്കാതിരിക്കട്ടെ. എപ്പോഴും ദൈവ മഹത്വത്തിനും ഞങ്ങളുടെ ആത്മരക്ഷയ്ക്കും ഉപയുക്തമായ വിധം ഞങ്ങള്‍ അത് വിനിയോഗിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാഥേ, അങ്ങ് ഞങ്ങളുടെ മാതൃകയായിരിക്കേണമേ… ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.. അനുസരണം ഏറ്റവും വലിയ സ്വാതന്ത്ര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കട്ടെ.

സുകൃതജപം
ദൈവപുത്രന്റെ മാതാവേ..
ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ…